ഇന്ത്യ-യുഎസ് പ്രതിരോധ കരാര്‍ പ്രാബല്യത്തിലേക്ക്

93 മില്യണ്‍ ഡോളറിന്റെയാണ് കരാര്‍

Update: 2025-11-20 10:51 GMT

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തേകുന്ന വന്‍ പ്രഖ്യാപനവുമായി യുഎസ്. 93 മില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന് അനുമതി നല്‍കിയത് യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ സര്‍ട്ടിഫിക്കേഷനുകളും നല്‍കിയതായി ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി(ഡിഎസ്സിഎ) യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു.

ഇന്ത്യയുമായുള്ള നിര്‍ദിഷ്ട ആയുധവില്‍പ്പന യുഎസും ഇന്ത്യയുമായുള്ള തന്ത്രപ്രധാനബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ഡിഎസ്സിഎ പറഞ്ഞു. ജാവലൈന്‍ മിസൈലുകളും എക്സ്‌കാലിബര്‍ പ്രൊജക്റ്റൈലും അടക്കമുള്ളവയാണ് കരാറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുക. ഇന്‍ഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍ സാധ്യമാവുന്നത്. 45.7 മില്യണ്‍ ഡോളറിന്റെ ആദ്യ പാക്കേജില്‍ വരുന്നത് ടാങ്ക് വേധ മിസൈലായ ജാവലിന്‍ എഫ്ജിഎം-148 മിസൈല്‍, 25 ജാവലിന്‍ ലൈറ്റ് വൈറ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ എന്നിവയാണ്. 47.1 മില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് എക്‌സ്‌കാലിബര്‍ പ്രൊജക്ടൈലുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും.

കരാര്‍ യുഎസുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നുവെന്നതാണ് ശ്രദ്ധേയം. താരിഫ് വിഷയവും വ്യവസായ കരാറുകളും പോസിറ്റീവായി തന്നെ പോവും എന്നതിന്റെ സൂചനയായും ഇതിനെ വിപണി വിദഗ്ധര്‍ കാണുന്നുണ്ട്. സുപ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നത് ഇന്‍ഡോ-പസഫിക് മേഖലയില്‍ രാഷ്ട്രീയ സ്ഥിരതയ്ക്ക് കാരണമാകും. ഈ നയതന്ത്ര സ്ഥിരത വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തെ സഹായിക്കും. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലുമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News