രാജ്യത്ത് ഭൂരിഭാഗം വേതനവും നല്‍കുന്നത് ആധാര്‍ പേയ്‌മെന്റിലൂടെ

  • 2017 മുതല്‍ എംജിഎന്‍ആര്‍ഇജിഎയ്ക്കു കീഴില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ചുവരുന്നു
  • 2013 ജനുവരി 1-ന് ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച പ്രോഗ്രാമാണ് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍
  • ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി വേതനം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് എബിപിഎസ്

Update: 2023-06-03 11:12 GMT

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ (MGNREGA) ഗുണഭോക്താക്കള്‍ക്ക് 2023 മെയ് മാസത്തെ വേതനം ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം (എബിപിഎസ്) ഉപയോഗിച്ചാണ് നല്‍കിയതെന്ന് ഗ്രാമവികസന മന്ത്രാലയം പറഞ്ഞു. ഏകദേശം 88 ശതമാനം വേതനവും ഇത്തരത്തിലാണ് നല്‍കിയതെന്നു ശനിയാഴ്ച (ജൂണ്‍-3) പുറത്തുവിട്ട കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ താഴെത്തട്ടിലെ ജനവിഭാഗങ്ങള്‍ക്ക് നേരിട്ട് കൈമാറുന്നതിനായി 2013 ജനുവരി 1-ന് ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച പ്രോഗ്രാമാണ് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ അഥവാ ഡിബിടി.

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി വേതനം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് എബിപിഎസ് (ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റം) എന്നും ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നതിന് ഇത് സഹായിക്കുമെന്നു മന്ത്രാലയം സൂചിപ്പിച്ചു.

ആധാര്‍ അടിസ്ഥാനമാക്കിയ ഡിബിടിയുടെ വിജയനിരക്ക് 99.55 ശതമാനമാണ് അല്ലെങ്കില്‍ അതില്‍ കൂടുതലാണ്. എന്നാല്‍ അക്കൗണ്ട് അടിസ്ഥാനമാക്കിയ പേയ്‌മെന്റുകളുടെ വിജയനിരക്ക് ഏകദേശം 98 ശതമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് 2017 മുതല്‍ എംജിഎന്‍ആര്‍ഇജിഎയ്ക്കു കീഴില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ചുവരുന്നു.

പ്രായപൂര്‍ത്തിയായവരില്‍ ഭൂരിഭാഗം പേര്‍ക്കും ആധാര്‍ നമ്പറുകള്‍ ഉള്ളതിനാല്‍ എംജിഎന്‍ആര്‍ഇജിഎയ്ക്കു കീഴിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും എബിപിഎസ് ഉപയോഗം വ്യാപിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പേയ്മെന്റുകള്‍ എബിപിഎസ് വഴി മാത്രമായിരിക്കും ഇനി നടത്തുക.

100 ശതമാനം ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം കൈവരിക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ഗുണഭോക്താക്കള്‍ക്ക് ആവശ്യമുള്ള സഹായം ലഭ്യമാക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം.

എംജിഎന്‍ആര്‍ഇജിഎയില്‍ മൊത്തം 14.28 കോടി ഗുണഭോക്താക്കളില്‍ 13.75 കോടി ഗുണഭോക്താക്കള്‍ അവരുടെ ആധാര്‍ നമ്പര്‍ വിജയകരമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ആധാര്‍ നമ്പറുകളില്‍, 12.17 കോടി നമ്പറുകളുടെ ആധികാരികത ഉറപ്പാക്കി അതിലൂടെ 77.81% ഗുണഭോക്താക്കളും എബിപിഎസിന് യോഗ്യരായെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    

Similar News