ബാധ്യത കുറഞ്ഞ സ്‌കീമാണ് നല്ലത്, പഴയ പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് രഘുറാം രാജന്‍

Update: 2023-03-08 05:50 GMT


നിര്‍ത്തലാക്കിയ പഴയ പെന്‍ഷന്‍ സ്‌കീമിന് വേണ്ടിയുള്ള വിലാപങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയരവെ, ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതാണ് ഇതെന്നും അതുകൊണ്ട് കുറഞ്ഞ ചെലവുള്ളത് പരിഗണിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ശമ്പളവുമായുള്ള ഇന്‍ഡക്‌സേഷന്‍ മൂലം ഭാവിലേക്ക് വലിയ തോതില്‍ നീക്കിയിരിപ്പ് നടത്തേണ്ടി വരും പഴയ പെന്‍ഷന്‍ സ്‌കീമില്‍. അതുകൊണ്ട് ബാധ്യത കൂടും.

കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിന്റെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പഴയ സ്‌കീം ഓപ്റ്റ് ചെയ്യാന്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍-പൊതുമേഖലാ സര്‍വീസിലുള്ളവര്‍ വിരമിക്കുമ്പോള്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്ന പഴയ പെന്‍ഷന്‍ സ്‌കീം 2003 ലാണ് അവസാനിപ്പിച്ചത്. പിന്നീട് 2004 ഏപ്രില്‍ ഒന്നു മുതലാണ് പങ്കാളിത്ത പെന്‍ഷന്‍ (എന്‍പിഎസ്) കൊണ്ടു വന്നത്. എന്നാല്‍ ഇതില്‍ വരുമാനം കുറവും ഓഹരിവിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ട് അനിശ്ചിതാവസ്ഥയും ഉണ്ട്. ഡിഎ പോലുള്ള വര്‍ധന ബാധകവുമല്ല.

ഇതു മൂലം പല സംസ്ഥാനങ്ങളും പിന്നീട് പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് തിരിച്ച് പോകുകയാണുണ്ടായത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറിയ പങ്കും ഇങ്ങനെ പഴയ സ്‌കീം പുനഃസ്ഥാപിച്ചവയില്‍ പെടുന്നു. രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തുടക്കത്തില്‍ എന്‍പിഎസ് വിട്ടു. പിന്നീട് പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും പഴയ സ്‌കീമിലേക്ക് മാറിയിരുന്നു.


Tags:    

Similar News