ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉയര്‍ന്നു; ഇത് ആദ്യമായി 2 ട്രില്യന്‍ രൂപയിലെത്തി

  • കുടിശ്ശിക ഇത്രയും വലിയ തുകയിലെത്തിയെങ്കിലും ഇതില്‍ വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ വലിയ ആശങ്ക പ്രകടിപ്പിക്കുന്നില്ല
  • ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു വാങ്ങിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം 2023-ഏപ്രിലില്‍ 1.3 ട്രില്യന്‍ രൂപയായിരുന്നു

Update: 2023-06-26 12:20 GMT

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കഴിഞ്ഞ വര്‍ഷം 30 ശതമാനം വര്‍ധിച്ചു. ഇതിലുണ്ടായ വളര്‍ച്ച മൊത്തത്തിലുള്ള ബാങ്ക് വായ്പകളുടെ ഇരട്ടിയാണ്. എന്നാല്‍ രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ വര്‍ധന രേഖപ്പെടുത്തിയെങ്കിലും അത് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാര്യത്തില്‍ താഴ്ന്ന നിലയിലാണെന്നാണു കണ്ടെത്തല്‍. രാജ്യത്തെ 5 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉള്ളത്. അതാകട്ടെ, പല വികസ്വര സമ്പദ് വ്യവസ്ഥകളെക്കാളും കുറവുമാണ്.

ഇതോടെ ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2 ലക്ഷം കോടി അഥവാ 2 ട്രില്യന്‍ രൂപയിലെത്തി. ആര്‍ബിഐയുടെ ഡാറ്റ അടിസ്ഥാനമാക്കി ദ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2022 ഏപ്രിലിലെ കുടിശ്ശികയേക്കാള്‍ ഈ വര്‍ഷം ഏപ്രിലില്‍ 29.7 ശതമാനമാണ് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

കുടിശ്ശിക ഇത്രയും വലിയ തുകയിലെത്തിയെങ്കിലും ഇതില്‍ വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ വലിയ ആശങ്ക പ്രകടിപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക വര്‍ധിക്കുന്നത് കടബാധ്യതയുടെ വര്‍ധനയാണെന്ന് അര്‍ഥമാക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതും പണപ്പെരുപ്പവുമാണ് കുടിശ്ശിക ഉയരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു വാങ്ങിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം 2023-ഏപ്രിലില്‍ 1.3 ട്രില്യന്‍ രൂപയായിരുന്നു.

ആളുകളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ച് അവരുടെ സാമ്പത്തിക നില വിശദമായി പരിശോധിച്ചതിനു ശേഷമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതെന്ന് ബാങ്കുകള്‍ പറയുന്നു. ക്രെഡിറ്റ് ബ്യൂറോ, അക്കൗണ്ട് അഗ്രിഗേറ്റര്‍, ടാക്‌സ് അടച്ചതിന്റെ ചരിത്രം തുടങ്ങിയവയില്‍നിന്നുള്ള ഡാറ്റ പഠിച്ചതിനു ശേഷമാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. അതിനാല്‍ തന്നെ റിസ്‌ക് ഫാക്റ്ററില്ല.

ബാങ്ക് കസ്റ്റമേഴ്‌സിനു കൊടുക്കുന്ന വിവിധ തരം വായ്പകളില്‍ മൂന്നാം സ്ഥാനം മാത്രമാണ് ക്രെഡിറ്റ് കാര്‍ഡിനുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് പേഴ്‌സണല്‍ ലോണും, ഹൗസിംഗ് ലോണുമാണ്. ഇത് ബാങ്ക് കൊടുക്കുന്ന ലോണുകളുടെ 14.1 ശതമാനം വരും. രണ്ടാമത് ഓട്ടോ ലോണുകളാണ്. 3.7 ശതമാനം. ക്രെഡിറ്റ് കാര്‍ഡ് 1.4 ശതമാനമാണ്.

Tags:    

Similar News