യുഎസ് താരിഫ്: ടെക്‌സ്റ്റൈല്‍സ് മേഖലയുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍

രാജ്യത്തിന്റെ മൊത്തം ടെക്‌സ്റ്റൈല്‍സ് കയറ്റുമതിയുടെ 25 ശതമാനത്തോളം യുഎസിലേക്കാണ്

Update: 2025-08-03 07:45 GMT

രാജ്യത്തെ പ്രമുഖ ടെക്‌സ്റ്റൈല്‍സ് വ്യവസായികളുമായി സര്‍ക്കാര്‍ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് നടപടി. തീരുവയുടെ വിവിധ വശങ്ങളെക്കുറിച്ച് ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗ് വ്യവസായ പങ്കാളികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ വിപണിയാണ് യുഎസ്. ഈ മേഖലയില്‍ നിന്നുള്ള രാജ്യത്തിന്റെ മൊത്തം പുറത്തേക്കുള്ള കയറ്റുമതിയുടെ 25 ശതമാനത്തോളം അമേരിക്കയിലേക്കാണ്.

2030 ഓടെ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ടെക്‌സ്റ്റൈല്‍സ് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് താരിഫ് തടസമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ യുകെയിലെ വിപണിയിലേക്കും ശ്രദ്ധ തിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയും യുകെയും വ്യാപാര കരാര്‍ ഒപ്പുവെച്ചത് ഇന്ത്യക്ക് അനുകൂലമാക്കാനാകുമെന്നാണ് കരുതുന്നത്.

25% തീരുവ ഏര്‍പ്പെടുത്തുന്നത് നിരവധി പ്രധാന മേഖലകളെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, പാദരക്ഷകള്‍ തുടങ്ങിയ വ്യവസായങ്ങളെ പ്രത്യേകിച്ച് ബാധിക്കും. ഇവയുടെ യുഎസിലേക്കുള്ള കയറ്റുമതി യഥാക്രമം 10.3 ബില്യണ്‍ ഡോളര്‍, 12 ബില്യണ്‍ ഡോളര്‍, 1.18 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 2.24 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചെമ്മീന്‍ കയറ്റുമതിയും 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൃഗ ഉല്‍പ്പന്നങ്ങളും വര്‍ദ്ധിപ്പിച്ച തീരുവ മൂലം ഗണ്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും.

2.34 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന രാസവസ്തു മേഖലയും ഏകദേശം 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗവും തീരുവയുടെ ആഘാതം നേരിടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയില്‍ ഈ മേഖലകള്‍ക്ക് ചെലവ് വര്‍ദ്ധിക്കുകയും മത്സരശേഷി കുറയുകയും ചെയ്യും. ഇത് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News