ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
- 52 ദിവസമാണ് ട്രോളിങ് നിരോധനം
- പരമ്പരാഗത വള്ളങ്ങള്‍ക്ക് വിലക്ക് ബാധകമല്ല
സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 52 ദിവസമാണ് ട്രോളിങ് നിരോധനം.
ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കേരളതീരം ഉടന്‍ വിടണമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ മടങ്ങി. ഹാര്‍ബറുകളിലും, ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ ഡീസല്‍ ബങ്കുകളും ഇന്ന് പ്രവര്‍ത്തനം നിര്‍ത്തും. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് സൗജ്യ റേഷന്‍ വിതരണം ചെയ്യും. തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധനസമയത്തും കടലില്‍പ്പോകാം. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
