വിദേശ സിനിമകള്‍ക്ക് 100% നികുതിയുമായി ട്രംപ്
- ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും
- അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമെന്ന് ട്രംപ്
വിദേശ സിനിമകള്‍ക്ക് 100 ശതമാനം നികുതി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് . അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ തീരുമാനം വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാക്കും.
അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പുതിയ നീക്കമെന്ന് ട്രംപ് പറഞ്ഞു. യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം നികുതി ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും അധികാരം നല്‍കിയതായി ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്ത് വിട്ടത്. വിദേശ സിനിമകള്‍ അമേരിക്കന്‍ ദേശീയതക്ക് ഭീഷണിയാണെന്നും ട്രംപ് പറയുന്നു.
ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വിതരണ ചിലവുകളില്‍ എത്ര കണ്ട് വ്യത്യാസം വരുമെന്ന ആശങ്കയിലാണ് സിനിമാ പ്രവര്‍ത്തകര്‍. അത്തരമൊരു താരിഫ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ താരിഫ് പിരിവ് ആവശ്യങ്ങള്‍ക്കായി അത്തരം സിനിമകള്‍ എങ്ങനെ വിലമതിക്കുമെന്നോ വ്യക്തമല്ല. ചിത്രീകരിച്ചതും എന്നാല്‍ റിലീസ് ചെയ്യാത്തതുമായ സിനിമകള്‍ക്ക് ഫീസ് ബാധകമാണോ അതോ പുതിയ പ്രൊഡക്ഷനുകള്‍ക്ക് മാത്രമാണോ ബാധകമാകുന്നത് എന്നതും വ്യക്തമല്ല.
അമേരിക്കന്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പപരസ്പര താരിഫ് ഓഹരി വിപണികളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവയ്‌ക്കെല്ലാം പിന്നാലെയാണ് വിദേശ സിനിമകള്‍ക്കും ട്രംപ് നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.
