രജിസ്റ്റര്‍ ചെയ്യാത്ത ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോം: മുന്നറിയിപ്പുമായി സെബി

നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും ഇടപാടുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം

Update: 2025-11-19 13:01 GMT

രജിസ്റ്റര്‍ ചെയ്യാത്ത ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണ മേല്‍നോട്ടം ഇല്ലെന്നും നിക്ഷേപകരുടെ സംരക്ഷണത്തിനായി ഒരു സംവിധാനവും നല്‍കുന്നില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി. ഇക്കാര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും ഇടപാടുകള്‍ ഒഴിവാക്കണമെന്നും സെബി നിര്‍ദ്ദേശിച്ചു.

ഇടപാട് നടത്തുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോം ദാതാക്കളുടെ രജിസ്‌ട്രേഷന്‍ നില പരിശോധിക്കാനും, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സെബി-രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുമായി മാത്രം ഇടപാട് നടത്താനും റെഗുലേറ്റര്‍ നിക്ഷേപകരോട് അതിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൂടാതെ, ഒബിപിപി സ്വഭാവത്തിലുള്ള ഏതെങ്കിലും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ്, ബാധകമായ നിയന്ത്രണ ചട്ടക്കൂട് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ വിപണി പങ്കാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫിന്‍ടെക് കമ്പനികളും സ്റ്റോക്ക് ബ്രോക്കര്‍മാരും ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നേടാതെ തന്നെ ഒബിപിപികളുടെ സ്വഭാവത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സെബി നിരീക്ഷിച്ചതിനെ തുടര്‍ന്നാണിത്.

രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 2013 ലെ കമ്പനി നിയമം, 1992 ലെ സെബി നിയമം, അതിനു കീഴില്‍ രൂപപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങള്‍ എന്നിവയുടെ ലംഘനമാകാന്‍ സാധ്യതയുണ്ട്.

മുമ്പ് 2024 നവംബര്‍ 18-ന് സെബി അത്തരം ചില സ്ഥാപനങ്ങള്‍ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Tags:    

Similar News