മൊത്തവില പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

ജൂലൈയില്‍ മൊത്തവില സൂചിക -0.45 ശതമാനമായി കുറഞ്ഞതായി കണക്കാക്കപ്പെടുന്നു

Update: 2025-08-12 11:20 GMT

മൊത്തവില പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഭക്ഷ്യ, ഇന്ധന വിലകളിലെ ഇടിവാണ് പണപ്പെരുപ്പം കുറയാനുള്ള കാരണമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ജൂണില്‍ -0.13 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ മൊത്തവില സൂചിക -0.45 ശതമാനമായി കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.

മൊത്തവില പണപ്പെരുപ്പത്തിലെ ഈ ഇടിവ് ചില്ലറ പണപ്പെരുപ്പത്തിലെ പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഒഴിവാക്കുന്ന കോര്‍ ഡബ്ല്യുപിഐ, ജൂണിലെ 1.06 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 1.50 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വിഭാഗത്തില്‍, പാല്‍, പഞ്ചസാര, മറ്റ് ഭക്ഷ്യവസ്തുക്കള്‍, മുട്ട, മത്സ്യം, മാംസം എന്നിവയില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചു.

ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, എണ്ണകള്‍, എന്നിവയിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പയര്‍വര്‍ഗ്ഗങ്ങളുടെ വാര്‍ഷിക പണപ്പെരുപ്പം നെഗറ്റീവ് സോണിലാണ് എന്നത് ശ്രദ്ധേയമാണ്.

അധിക യുഎസ് വ്യാപാര താരിഫുകളും നിലവിലുള്ള ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ കാരണം ആഗോള ഉല്‍പ്പന്ന വിലകള്‍ അസ്ഥിരമായി തുടരാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ആഭ്യന്തരമായി, മണ്‍സൂണ്‍ രീതികളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തടസ്സങ്ങളും ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളായി തുടരുന്നു. അവ വിതരണ ശൃംഖലയെ ബാധിക്കുകയും ഹ്രസ്വകാലത്തേക്ക് മൊത്തവില പണപ്പെരുപ്പത്തെ സ്വാധീനിക്കുകയും ചെയ്യും. 

Tags:    

Similar News