ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)ഇതുവരെ കണ്ടുകെട്ടിയത് 64,920 കോടി രൂപയെന്ന് ധനമന്ത്രാലയം അറിയിച്ചു. 1,105 തട്ടിപ്പ്‌കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 150 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
2023 മാര്‍ച്ച് അവസാനത്തോടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 25 ലക്ഷം രൂപയും അതിനുമുകളിലും കുടിശ്ശികയുള്ള മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ എണ്ണം 14,159 ആയി ഉയര്‍ന്നതായി രാജ്യസഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞു. 2019 ജൂണ്‍ അവസാനംവരെ ഇത് 10,209 ആയിരുന്നു.
സ്വകാര്യ മേഖലാ ബാങ്കുകളുടെ കാര്യത്തില്‍ കുടിശ്ശിക തിരിച്ചടയ്ക്കാത്തവരുടെ എണ്ണം 2019 ജൂണ്‍ അവസാനം 1,950 ആയിരുന്നത് 2023 മാര്‍ച്ച് അവസാനത്തോടെ 2,504 ആയി ഉയര്‍ന്നു.
ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം, 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഐഎ) വകുപ്പുകള്‍ പ്രകാരം അന്വേഷണത്തിനായി മനപ്പൂര്‍വ്വം കുടിശ്ശിക വരുത്തുന്നവരുടേതുള്‍പ്പെടെ ഏകദേശം 1,105 ബാങ്ക് തട്ടിപ്പ് കേസുകള്‍ എടുത്തിട്ടുണ്ട്.
'പിഎംഎല്‍എയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, ഇത് കുറ്റകൃത്യത്തിന്റെ വരുമാനമായ 64,920 കോടി രൂപ (ഏകദേശം) കണ്ടുകെട്ടാന്‍ കാരണമായി,'' കരാദ് പറഞ്ഞു. മൊത്തം 150 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 277 പ്രോസിക്യൂഷന്‍ പരാതികള്‍ പ്രത്യേക കോടതികളില്‍ (പിഎംഎല്‍എ) ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
