ഇസ്രയേലിനെതിരെ പ്രതിഷേധം; ഗൂഗിള്‍ ജീവനക്കാര്‍ അറസറ്റില്‍

  • ക്ലൗഡ് സേവനങ്ങളും ഡാറ്റാ സെന്ററുകളും നല്‍കുന്നതുസംബന്ധിച്ചാണ് കരാര്‍
  • നിംബസ് എന്നറിയപ്പെടുന്ന കരാര്‍ 2021 ലാണ് ഗൂഗിള്‍ ഒപ്പുവച്ചത്

Update: 2024-04-17 10:14 GMT

കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് നിരവധി ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഗൂഗിളിന്റെ ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ഓഫീസിലെ ജീവനക്കാരെ കുത്തിയിരിപ്പ് സമരത്തിന് ശേഷം അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ ഇസ്രയേലുമായുള്ള ഗൂഗിളിന്റെ കരാറിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

രണ്ട് ഗൂഗിള്‍ ഓഫീസുകളിലുമായി ആകെ ഒമ്പത് ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രതിഷേധക്കാരന്‍ അറസ്റ്റിന്റെ വീഡിയോ പങ്കുവെച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വീഡിയോയില്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് പറയുന്നത്, പിരിഞ്ഞുപോയില്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്നാണ്. പ്രതിഷേധിച്ച തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

അറസ്റ്റിലായ ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിച്ചതായും കമ്പനിയുടെ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞതായും ഗൂഗിള്‍ വക്താവ് പറഞ്ഞു.

''മറ്റ് ജീവനക്കാരുടെ ജോലിയെ ശാരീരികമായി തടസ്സപ്പെടുത്തുന്നതും ഞങ്ങളുടെ സൗകര്യങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നതും ഞങ്ങളുടെ നയങ്ങളുടെ വ്യക്തമായ ലംഘനമാണ്, കമ്പനി അന്വേഷിച്ച് നടപടിയെടുക്കും,'' ഗൂഗിള്‍ വക്താവ് ബെയ്ലി ടോംസണ്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഒന്നിലധികം അഭ്യര്‍ത്ഥനകള്‍ക്ക് ശേഷവും പ്രതിഷേധക്കാര്‍ കമ്പനി പരിസരം വിട്ടുപോകാന്‍ വിസമ്മതിച്ചതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ക്ലൗഡ് സേവനങ്ങളും ഡാറ്റാ സെന്ററുകളും നല്‍കുന്നതിന് ഇസ്രയേലുമായി ഗൂഗിള്‍ ഉണ്ടാക്കിയ 1.2 ബില്യണ്‍ ഡോളറിന്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം. ഗൂഗിള്‍ കരാറില്‍ നിന്ന് പിന്മാറുമ്പോള്‍ മാത്രമേ തങ്ങള്‍ പിരിഞ്ഞുപോകൂ എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിംബസ് എന്നറിയപ്പെടുന്ന കരാര്‍ റിപ്പോര്‍ട്ട് പ്രകാരം 2021 ലാണ് ഗൂഗിള്‍ ഒപ്പുവച്ചത്.

ആമസോണിനും ഇസ്രയേല്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ അവിടെയും പ്രതിഷേധം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷമാദ്യം, ഇസ്രയേലിലെ ഉന്നത ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്തതിന് ഒരു തൊഴിലാളിയെ ഗൂഗിള്‍ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News