വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ: ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി

സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ശസ്ത്രക്രിയ നടത്തുന്നത്

Update: 2023-11-28 05:18 GMT

സംസ്ഥാനത്തെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ആദ്യമായി വിജയകരമായ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ സ്ഥാപനമായി എറണാകുളം ജനറല്‍ ആശുപത്രി. ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ യൂറോളജി ഒന്ന്, രണ്ട് തിയേറ്ററുകളിലായി നടന്ന രണ്ട് ശസ്ത്രക്രിയകളിലൂടെയാണു ചേര്‍ത്തല സ്വദേശിയായ 28കാരന് വൃക്ക മാറ്റിവെച്ചത്.

യൂറോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജിസ്റ്റായ ഡോ.സന്ദീപ് ഷേണായി, ഡോ. വി. മധു എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി.

ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍, ആദ്യമായി അവയവ മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ജില്ലാ/ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ആദ്യത്തേതും, കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ അഞ്ചാമത്തെയും സ്ഥാപനമെന്ന നേട്ടം എറണാകുളം ജനറല്‍ ആശുപത്രി സ്വന്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ശസ്ത്രക്രിയ നടത്തുന്നത്.

ഒക്ടോബറിലാണു കിഡ്‌നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഔദ്യോഗിക അംഗീകാരം കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ് പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ നിന്നും ലഭിച്ചത്.

ഇന്ത്യയിലെ മുതിര്‍ന്ന യൂറോളജിസ്റ്റായ, ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം ജനറല്‍ ആശുപത്രി സംഘത്തിന് സാങ്കേതിക സഹായവും പരിശീലനങ്ങളും നല്‍കി. രണ്ടാഴ്ചയ്ക്കു മുന്‍പ് വൃക്ക സംബന്ധമായ പരിശോധനക്കായി ആശുപത്രിയില്‍ എത്തിയ ചേര്‍ത്തല സ്വദേശിയായ അബിനാണ് സ്വന്തം മാതാവ് വൃക്ക ദാനം ചെയ്തത്.

കിഫ്ബി ഫണ്ടില്‍ നിന്നും 72കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ യൂറോളജി വിഭാഗത്തിനായി ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ തിയറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ സജ്ജീകരണങ്ങള്‍ എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് സാധ്യമാക്കി.

ഡോക്ടമാരായ അഞ്ചു രാജ്, രേണു, മിഥുന്‍ ബാബു,സീനിയര്‍ നഴ്‌സിംഗ് ഓഫീസറായ ശ്യാമള, നഴ്‌സിംഗ് ഓഫീസര്‍മാരായ ചിന്നൂരാജ്, പ്രീനുമോള്‍,മുഹമ്മദ് ഷഫീഖ്, സിഎന്‍ ആശാ, അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായ അശ്വതി,റാഷിദ്,മേഘന,അലീന എന്നിവരും പി.പി വിഷ്ണു,സുനിജ,അഖില്‍ എന്നിവരും അടങ്ങുന്ന സംഘമാണ് സര്‍ജറി നടത്തിയത്.

Tags:    

Similar News