കര്‍ഷകരുടെ 'മൊബൈല്‍ നാട്ടു ചന്ത' ഉദ്ഘാടനം

മൂവാറ്റുപുഴ ബ്ലോക്കിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് ഉത്പന്നങ്ങളുടെ സംഭരണത്തിനും വില്പനക്കും നേതൃത്വം നല്‍കുന്നത്

Update: 2023-11-24 06:22 GMT

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'മൂവാറ്റുപുഴ കര്‍ഷക ഉല്‍പ്പാദക സംഘടന' മൊബൈല്‍ കര്‍ഷക മാര്‍ക്കറ്റിന്റെ കാക്കനാടിലെ സെയില്‍സ് ഔട്ട്‌ലെറ്റില്‍ വില്‍പ്പന ആരംഭിച്ചു. സിവില്‍ സ്‌റ്റേഷനു സമീപം സംഘടിപ്പിച്ച ചടങ്ങില്‍ ആദ്യ വില്‍പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. മൂവാറ്റുപുഴ അഗ്രി ഫ്രഷ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്നത്.

കൃഷിയിടാധിഷ്ഠിത വികസന പദ്ധതി പ്രകാരം അനുവദിച്ച പദ്ധതിയാണു മൊബൈല്‍ കര്‍ഷക മാര്‍ക്കറ്റ്. മുവാറ്റുപുഴയിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങളായ റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മലേഷ്യന്‍ പഴവര്‍ഗ്ഗങ്ങള്‍, മംഗോസ്റ്റീന്‍, കപ്പ, ചക്ക, വാഴക്കുല, പൈനാപ്പിള്‍, ജൈവ പച്ചക്കറികള്‍ മുതലായവ ജില്ലയില്‍ വൈപ്പിന്‍ പോലുള്ള പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു വിപണനം നടത്തുന്നതാണു പദ്ധതി. അവിടെ നിന്നുള്ള പ്രത്യേക ഉത്പന്നങ്ങള്‍, പൊക്കാളി അരി പോലുള്ളവ മൂവാറ്റുപുഴയിലും ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഒപ്പം കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കും. മൂവാറ്റുപുഴ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, പോത്താനിക്കാട് എന്നിവടങ്ങളിലെ കര്‍ഷകരുടെ കൂട്ടായ്മ യാണ് ഉത്പന്നങ്ങളുടെ സംഭരണത്തിനും വില്പനക്കും നേതൃത്വം നല്‍കുന്നത്.

Tags:    

Similar News