ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ ഒരു മാസം കൂടി

  • പേടിഎം ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം
  • കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ഫാസ്ടാഗ് അക്കൗണ്ട് നിര്‍ജ്ജീവമാകും
  • ടോള്‍ ശേഖരണ സംവിധാനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വ്യക്തികളോട് അടിയന്തരമായി കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്

Update: 2024-03-01 12:05 GMT

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഫാസ്ടാഗ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ഒരു മാസത്തേക്കു കൂടി നീട്ടി. ' ഒരു വാഹനം, ഒരു ഫാസ്ടാഗ്' എന്ന ലക്ഷ്യത്തിനായാണ് കെവൈസി വിവരങ്ങള്‍ പൂര്‍ണമായി നല്‍കാത്തവര്‍ അത് നല്‍കണ എന്ന നിര്‍ദ്ദേശം എന്‍എച്ച്‌ഐ മുന്നോട്ട് വെച്ചത്. ഇതനുസരിച്ച് ഫെബ്രുവരി 29 ന് സമയ പരിധി അവസാനിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയിലൂടെ ടോള്‍ പിരിവ് കാര്യക്ഷമമാക്കാനും ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍് പേയ്‌മെന്റുകള്‍ സ്വമേധയാ നടത്താനുമാണ് 'വണ്‍ വെഹിക്കിള്‍, വണ്‍ ഫാസ്ടാഗ്' ലക്ഷ്യമിടുന്നത്. വാണിജ്യ വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ ആയാലും ഇലക്ട്രോണിക് ടോള്‍ ശേഖരണ സംവിധാനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വ്യക്തികളോട് അടിയന്തരമായി കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ചെയ്തില്ലെങ്കില്‍

പുതുക്കിയ സമയപരിധിയായ മാര്‍ച്ച് 31 നകം കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ഫാസ്ടാഗ് അക്കൗണ്ട് നിര്‍ജ്ജീവമാകും. കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാഹന ഉടമകള്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഫാസ്ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അല്ലെങ്കില്‍ ഫാസ്ടാഗ് ഇഷ്യൂ ചെയ്തിരിക്കുന്ന അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാം.

Tags:    

Similar News