കേരളത്തില്‍ വ്യവസായം തുടങ്ങുന്നത് ശ്രമകരമെന്ന് ഗവര്‍ണര്‍

ഫിക്കി എക്‌സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു

Update: 2023-11-11 04:40 GMT

കേരളത്തില്‍ വ്യവസായം തുടങ്ങുന്നത് ധീരമായ പ്രവൃത്തിയാണെന്ന് ഗവര്‍ണര്‍. ഫിക്കിയും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തിലേക്ക് വ്യവസായികളെ കൊണ്ട് വരാന്‍ താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. ഈ സ്ഥിതി മാറണം. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മാത്രമായിരിക്കണം ഭരണകര്‍ത്താക്കളുടെയും നേതാക്കളുടേയും ലക്ഷ്യം. ജനങ്ങള്‍ എല്ലാം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം നേതാക്കള്‍ക്ക് ഉണ്ടാകണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. കേരളത്തിന്റെ എംഎസ്എംഇ മേഖലയും സ്റ്റാര്‍ട്ട്അപ്പ് രംഗവും അഭിമാനകരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഠിനാധ്വാനത്തിലൂടെയല്ലാതെ ഒന്നും സാധ്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രണ്ട് ദിനങ്ങളിലായി നടന്ന സമ്മേളനത്തിലെ നിര്‍ദ്ദേശങ്ങള്‍ കൊച്ചി പ്രഖ്യാപനം എന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.

ഫിക്കി എക്‌സലന്‍സ് അവാര്‍ഡുകളും ഗവര്‍ണര്‍ സമ്മാനിച്ചു. കാരിത്താസ് (ആശുപത്രി), അമാല്‍ഗം (മത്സ്യോല്‍പ്പന്ന കയറ്റുമതി), പി.കെ സ്റ്റീല്‍ കാസ്റ്റിംഗ് ( നിര്‍മാതാവ്), ഇസാഫ് (ബാങ്ക്), കെഎംഎംഎല്‍ (പൊതുമേഖല) എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള, കോ ചെയര്‍ വി.പി നന്ദകുമാര്‍, ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ എം.ജി രാജമാണിക്യം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഫിക്കി മുന്‍ ചെയര്‍മാന്‍ ദീപക് അസ്വാനി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News