ധനമന്ത്രിയും വിദേശസന്ദര്‍ശനം ചുരുക്കി തിരിച്ചെത്തുന്നു
- യുഎസില്‍ ഐഎംഎഫ്, ലോകബാങ്ക് യോഗങ്ങളില്‍ പങ്കെടുക്കാനാണ് ധനമന്ത്രി യുഎസില്‍ എത്തിയത്
- അഞ്ചംഗ സുരക്ഷാ കാബിനറ്റ് കമ്മിറ്റിയില്‍ ധനമന്ത്രിയും അംഗമാണ്
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനും തന്റെ യുഎസ് സന്ദര്‍ശനം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുരക്ഷാ കാബിനറ്റ് കമ്മിറ്റിയില്‍ ധനമന്ത്രിയും ഉള്‍പ്പെടുന്നു. നേരത്തെ പ്രധാനമന്ത്രി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചത്തിയിരുന്നു.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങളിലും ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും (എഫ്എംസിബിജി) യോഗത്തിലും പങ്കെടുക്കുന്നതിനായി സീതാരാമന്‍ ഏപ്രില്‍ 20 മുതല്‍ യുഎസ് സന്ദര്‍ശനത്തിലായിരുന്നു.
ചൊവ്വാഴ്ച തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ അപലപിച്ച സീതാരാമന്‍, മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 'ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല' എന്ന് പറഞ്ഞു.
'ഭീകരാക്രമണത്തെ ഞാന്‍ അപലപിക്കുന്നു. മരിച്ചവരുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു,' അവര്‍ പറഞ്ഞു.
