ജി20: എനര്‍ജി ട്രാന്‍സിഷന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗോവയില്‍

  • അംഗരാജ്യങ്ങളില്‍നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നു
  • ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ ഇന്ത്യയുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന യോഗം
  • ആദ്യ മൂന്ന് മീറ്റിംഗുകളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ തുടരും

Update: 2023-07-19 05:55 GMT

ജി20 രാജ്യങ്ങളുടെ നാലാമത് എനര്‍ജി ട്രാന്‍സിഷന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് (ഇടിഡബ്ല്യുജി)യോഗം ഗോവയില്‍ ആരംഭിച്ചു. ഗ്രൂപ്പിലെ അംഗരാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും നിരവധി അന്താരാഷ്ട്ര സംഘടനകളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ആറ് മുന്‍ഗണനാ മേഖലകളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ വിവിധ വശങ്ങളില്‍ ഇന്ത്യയുടെ ശ്രദ്ധയെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ സുസ്ഥിരവും ശുദ്ധവുമായ ഊര്‍ജ്ജ വികസനത്തിലേക്കുള്ള ആഗോള സഹകരണം കെട്ടിപ്പടുക്കുകയും ചെയ്യുന്നു-ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇടിഡബ്ല്യുജി ചെയര്‍മാനും കേന്ദ്ര ഊര്‍ജ മന്ത്രാലയം സെക്രട്ടറിയുമായ പങ്കജ് അഗര്‍വാളിന്റെ അധ്യക്ഷതയില്‍ ഗോവയുടെ തലസ്ഥാനമായ പനാജിക്ക് സമീപമുള്ള ഹോട്ടലിലാണ് ദ്വിദിന യോഗം നടക്കുന്നത്.

ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി സെക്രട്ടറി ഭൂപീന്ദര്‍ സിംഗ് ഭല്ല, ഖനി മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ്, കല്‍ക്കരി മന്ത്രാലയം സെക്രട്ടറി അമൃത് ലാല്‍ മീണ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള ഊര്‍ജ സംക്രമണം, ഊര്‍ജ സംക്രമണങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ ധനസഹായം, ഊര്‍ജ സുരക്ഷയും വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയും, ഊര്‍ജ കാര്യക്ഷമത എന്നിവ ചര്‍ച്ചാ വിഷയങ്ങളാണ്. കൂടാതെ ഉത്തരവാദിത്ത ഉപഭോഗവും, ഭാവിയിലേക്കുള്ള ഇന്ധനങ്ങള്‍, ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള സാര്‍വത്രിക പ്രവേശനം തുടങ്ങിവയും ചര്‍ച്ചകള്‍ക്കുള്ള മുന്‍ഗണനാ മേഖലകളില്‍ ഉള്‍പ്പെടുന്നു.

ഗോവയില്‍ നടക്കുന്ന നാലാമത് ഇടിഡബ്ല്യുജി യോഗത്തിലെ ചര്‍ച്ചകള്‍ ബെംഗളൂരു, ഗാന്ധിനഗര്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ആദ്യ മൂന്ന് മീറ്റിംഗുകളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ തുടരും.

നാലാമത് മീറ്റിംഗിന്റെ പ്രധാന ഹൈലൈറ്റ് കരട് മന്ത്രിതല കമ്മ്യൂണിക്കിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News