കാറുകളുടെ തീരുവ വെട്ടിച്ചു: ഗൗതം സിംഗാനിയക്ക് 328 കോടി പിഴ

Update: 2024-01-10 05:40 GMT

റെയ്മണ്ട് ഗ്രൂപ്പ് സിഎംഡി ഗൗതം സിംഗാനിയ 328 കോടി രൂപ പിഴ അടച്ചതായി റിപ്പോര്‍ട്ട്. 142 കാറുകള്‍ തീരുവ വെട്ടിച്ച് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

142 കാറുകളില്‍ 138 എണ്ണം വിന്റേജ് കാറുകളും, നാലെണ്ണം ആര്‍ & ഡി കാറുകളുമായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) സിംഗാനിയയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

2018-നും 2021-നും ഇടയില്‍ വിവിധ ലേല സ്ഥാപനങ്ങളില്‍ നിന്നാണ് സിംഗാനിയ കാറുകള്‍ വാങ്ങിയത്. ഇവ യുഎസില്‍ നിന്നും യുകെയില്‍ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് അയച്ചതായി ഡിആര്‍ഐ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ കസ്റ്റംസിന് സിംഗാനിയ സമര്‍പ്പിച്ച ഇന്‍വോയ്‌സുകള്‍ ദുബായ്, യുഎസ്, ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരുകളില്‍ ഉള്ളവയായിരുന്നു.

വിന്റേജ് കാറുകളുടെ ഇറക്കുമതിക്ക് ബാധകമായ 251.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കാനായിരുന്നു ഇത്.

സിംഗാനിയ 142 കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തപ്പോള്‍ തീരുവയായി അടയ്‌ക്കേണ്ടിയിരുന്നത് 229.72 കോടി രൂപയായിരുന്നു. എന്നാലിപ്പോള്‍ പിഴയടക്കം അടച്ചതാകട്ടെ 328 കോടി രൂപയും.

സമീപകാലത്ത് വിവാഹമോചനത്തിന്റെ പേരില്‍ മാധ്യമങ്ങളില്‍ ഇടം നേടിയ വ്യവസായപ്രമുഖനാണ് സിംഗാനിയ.

32 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയുന്നതായി അറിയിച്ച് ഗൗതം സിംഗാനിയയുടെ ഭാര്യ നവാസ് മോദി രംഗത്തുവരികയും ചെയ്തതോടെയാണു വാര്‍ത്തകളിലിടം നേടിയത്.

Tags:    

Similar News