ഗാസ: യുഎസ് സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍

യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ ഒരു പരിവര്‍ത്തന ഭരണകൂടം സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു

Update: 2025-09-30 04:16 GMT

ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പദ്ധതി യുഎസ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഇത് ഇസ്രയേല്‍ അംഗീകരിച്ചിട്ടുണ്ട്. ബന്ദികളുടെ മോചനവും ഹമാസിന്റെ കീഴടങ്ങള്‍ നിബന്ധനകളും ഇസ്രയേലിന്റെ പിന്മാറ്റവും ഉള്‍പ്പെടുന്നതാണ് പദ്ധതി. എന്നാല്‍ പദ്ധതിയുടെ വിജയം ഹമാസ് ഈ വിജയം അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ ഒരു പരിവര്‍ത്തന ഭരണകൂടം സ്ഥാപിക്കാനും വേണ്ടിയുള്ള 20 ഇന നിര്‍ദ്ദേശമാണ് ട്രംപ് മുന്നോട്ടുവച്ചത്.

ഹമാസ് കരാറില്‍ ഒപ്പുവച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും നിബന്ധനകള്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രയേല്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കരാര്‍ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി ഒരു അന്താരാഷ്ട്ര 'സമാധാന ബോര്‍ഡും' പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഹമാസ് സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് യുഎസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇസ്രയേലിന്റെ യുദ്ധ ലക്ഷ്യങ്ങളുമായി യോജിച്ച ഒരു കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ട്രംപിനെ നെതന്യാഹു പ്രശംസിച്ചു.

'ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നിങ്ങളുടെ പദ്ധതിയെ ഞാന്‍ പിന്തുണയ്ക്കുന്നു, അത് നമ്മുടെ യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. ഇത് നമ്മുടെ എല്ലാ ബന്ദികളെയും ഇസ്രയേലിലേക്ക് തിരികെ കൊണ്ടുവരും, ഹമാസിന്റെ സൈനിക ശേഷിയും അതിന്റെ രാഷ്ട്രീയ ഭരണവും തകര്‍ക്കും. ഗാസ ഇനി ഒരിക്കലും ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കും,' നെതന്യാഹു പറഞ്ഞു.

ഖത്തര്‍ പ്രധാനമന്ത്രിയും ഈജിപ്തിന്റെ ഇന്റലിജന്‍സ് മേധാവിയും ട്രംപിന്റെ നിര്‍ദ്ദേശം ഹമാസ് ചര്‍ച്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതി 'നല്ല വിശ്വാസത്തോടെ' പുനഃപരിശോധിക്കുമെന്നും പ്രതികരണം നല്‍കുമെന്നും ഹമാസ് മധ്യസ്ഥരോട് പറഞ്ഞു. 

Tags:    

Similar News