സന്തോഷവാര്‍ത്ത! വിരമിച്ചവര്‍ക്കും ഇനി ഇഎസ്‌ഐ ആനുകൂല്യം

  • 2012 ഏപ്രില്‍ ഒന്നിനുശേഷം കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലിയില്‍ ഉണ്ടാകണം
  • എന്റോള്‍മെന്റ് സമയംമുതല്‍ ഇഎസ്‌ഐസി മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് തുക നല്‍കണം
  • ഇടുക്കിയല്‍ നൂറ് കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കും

Update: 2024-02-10 11:53 GMT

വേതന പരിധി കവിഞ്ഞതിനാല്‍ ഇഎസ്‌ഐ സ്‌കീം കവറേജില്‍ നിന്ന് പുറത്തുപോയ ഇന്‍ഷ്വര്‍ ചെയ്തിരുന്ന സൂപ്പര്‍അനുവേറ്റ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനം. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്‌ഐസിയുടെ 193-ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

മുമ്പ് കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഇന്‍ഷുര്‍ ചെയ്ത ജോലിയിലായിരുന്നെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സ്വമേധയാ വിരമിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.

എന്നിരുന്നാലും, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തനിക്കും ജീവിതപങ്കാളിക്കും ഇഎസ്‌ഐസിമെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്റോള്‍മെന്റ് സമയത്ത് വേതന പരിധിയുടെ 3% എന്ന നിരക്കില്‍ പ്രതിമാസം സംഭാവന നല്‍കിയിരിക്കേണ്ടതാണ്. ഈ പദ്ധതി 0.56 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പദ്ധതിക്ക് കീഴിലുള്ള ഇഎസ്‌ഐസിയിലേക്ക് ഒരു വര്‍ഷം 423.36 കോടി രൂപ വരുമെന്നും കണക്കാക്കുന്നു.

ഔദ്യോഗിക പ്രസ്താവന പ്രകാരം, 2012 ഏപ്രില്‍ 1 ന് ശേഷം കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇന്‍ഷുറന്‍സ് ജോലിയില്‍ തുടരുകയും 2017 ഏപ്രില്‍ 1-നോ അതിനുശേഷമോ 30,000 രൂപ വരെ പ്രതിമാസം വേതനത്തോടെ ജോലിയില്‍ നിന്ന് വിരമിക്കുകയോ സ്വമേധയാ വിരമിക്കുകയോ ചെയ്ത വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും.

കൂടാതെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സേവന വിതരണ സംവിധാനം വര്‍ധിപ്പിക്കുന്നതിനായി ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റീജിയണല്‍, സബ് റീജിയണല്‍ ഓഫീസുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.

ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെയും അവരുടെ ആശ്രിതരുടെയും സമഗ്രമായ ക്ഷേമത്തിനായി നിലവിലുള്ള ഇഎസ്‌ഐസി ആശുപത്രികളില്‍ പഞ്ചകര്‍മ്മ, ക്ഷാരസൂത്ര അല്ലെങ്കില്‍ ത്രെഡ് തെറാപ്പി, ആയുഷ് അല്ലെങ്കില്‍ പരമ്പരാഗത ചികിത്സാ രീതികള്‍ എന്നിവ സ്ഥാപിക്കുന്നതിനും യോഗം വഴിയൊരുക്കി.

അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, കര്‍ണാടകയിലെ ഉഡുപ്പിയിലും കേരളത്തിലെ ഇടുക്കിയിലും നൂറ് കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കും. പഞ്ചാബിലെ മലര്‍കോട്ലയില്‍ 150 കിടക്കകളുള്ള ആശുപത്രിക്കായി സ്ഥലം ഏറ്റെടുക്കും.

ഇഎസ്‌ഐസിയില്‍ ഏകദേശം 30 ദശലക്ഷം ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുണ്ട്. മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 120 ദശലക്ഷത്തിലധികം വരും.

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തൊഴില്‍ മന്ത്രാലയത്തിനും തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് പ്രധാന നിയമപരമായ സാമൂഹിക സുരക്ഷാ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. മറ്റൊന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ്. 1948-ലെ ഇഎസ്‌ഐ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഇഎസ്‌ഐസിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

Tags:    

Similar News