കർഷക ആത്മഹത്യ: ഗവര്‍ണര്‍ പിന്നയും സർക്കാരിനെതിരെ
- സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കെതിരെ ഗവര്‍ണറുടെ രൂക്ഷമായ പ്രതികരണം
- പലരും പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നു
തിരുവനന്തപുരം: കര്‍ഷകര്‍ ദുരിതത്തിലായിരിക്കെ ആഘോഷങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പണം ധൂർത്തടിക്കുകയാണെന്ന ആക്ഷേപവുമായി പിന്നയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടനാട്ടില്‍ കടക്കെണി മൂലം കർഷകൻ ആത്മഹത്യ ചെയ്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് പലരും പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുകയും ചെയ്യുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷത്തെ മാത്രം സേവനത്തിന് ശേഷമാണ് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. പാവപ്പെട്ട കര്‍ഷകര്‍ കഷ്ടപ്പെടുമ്പോള്‍ ആഘോഷങ്ങള്‍ക്കായി പണം വാരിക്കോരി ചെലവഴിക്കുന്നു.
സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.''രാജ്ഭവനില്‍ എന്തെങ്കിലും അധികച്ചെലവുണ്ടെങ്കില്‍ അവര്‍ (സര്‍ക്കാര്‍) അത് തടയട്ടെ. ഞാന്‍ അവരോട് അതിനായി ആവശ്യപ്പെടുന്നില്ല, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആലപ്പുഴ തകഴി സ്വദേശിയായ കെ ജി പ്രസാദ് (55 )എന്ന കർഷകനാണ് കടക്കെണിയിൽ ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിൽ തന്റെ അവസ്ഥക്ക് സംസ്ഥാന സർക്കാരിനെയും, മൂന്നു ബാങ്കുകളെയും ആണ് പ്രസാദ് കുറ്റപ്പെടുത്തുന്നത്.
