ചൂട് കൂടും; വൈദ്യുതി ആവശ്യകത രാജ്യത്ത് കുത്തനെ ഉയരും

  • ആഗോളതലത്തില്‍ എയര്‍ കണ്ടീഷണറുകളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറും
  • വൈദ്യുതി ആവശ്യകതയില്‍ ഒമ്പത് മുതല്‍ 10 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന

Update: 2025-03-25 04:45 GMT

ഈ വേനല്‍ക്കാലത്ത് ചൂട് ക്രമാതീതമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വൈദ്യുതി ആവശ്യകതയില്‍ ഒമ്പത് മുതല്‍ 10 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷം മെയ് 30 ന് അഖിലേന്ത്യാതലത്തില്‍ വൈദ്യുതി ഉപഭോഗം 250 ജിഗാവാട്ട് കവിഞ്ഞിരുന്നു.ഇത് പ്രവചനങ്ങളേക്കാള്‍ 6.3 ശതമാനം കൂടുതലായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപ സമ്മര്‍ദ്ദമാണ് വൈദ്യുതി ആവശ്യകതയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

നിലവില്‍, ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ യഥാക്രമം 33 ശതമാനം, 28 ശതമാനം, 19 ശതമാനം എന്നിങ്ങനെയാണ് വ്യവസായങ്ങള്‍, വീടുകള്‍, കൃഷി എന്നിവ ഉപയോഗിക്കുന്നത്.

2012-13 ല്‍ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തിന്റെ വിഹിതം 22 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 25 ശതമാനമായി വര്‍ധിച്ചു. വര്‍ധിച്ചുവരുന്ന താപനിലയാണ് ഇതിന് കാരണമാകുന്നത്. 2024 ലെ വേനല്‍ക്കാലത്ത്, റെക്കോര്‍ഡ് ഭേദിക്കുന്ന താപനില കാരണം റൂം എയര്‍ കണ്ടീഷണര്‍ വില്‍പ്പന മാര്‍ഷികാടിസ്ഥാനത്തില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചു.

ഇന്ത്യ ഇപ്പോള്‍ നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങളെയും 9-10 ശതമാനം വൈദ്യുതി ആവശ്യകതയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയെയും നേരിടേണ്ടതുണ്ട്. എന്നിരുന്നാലും, ഈ പീക്ക് ഡിമാന്‍ഡ് ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ നിലനില്‍ക്കൂ എന്ന് വിശകലനങ്ങള്‍ കാണിക്കുന്നു- കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ തിങ്ക് ടാങ്കിലെ റിന്യൂവബിള്‍സ് സീനിയര്‍ പ്രോഗ്രാം ലീഡ് ദിഷ അഗര്‍വാള്‍ പറയുന്നു.

2020-21 മുതല്‍ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം പ്രതിവര്‍ഷം ഏകദേശം 9 ശതമാനം വളര്‍ച്ച കൈവരിച്ചുവരികയാണെന്ന് അഗര്‍വാള്‍ പറഞ്ഞു. മുന്‍ ദശകത്തില്‍ ഇത് പ്രതിവര്‍ഷം 5 ശതമാനമായിരുന്നു.

ഇന്ത്യയിലെ ഉഷ്ണതരംഗങ്ങളുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് ലോക ബാങ്കിലെ ദക്ഷിണേഷ്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ റെസിലിയന്‍സ് പോളിസി ആന്‍ഡ് ഫിനാന്‍സ് പ്രാക്ടീസ് മാനേജര്‍ അഭാസ് ഝാ പറഞ്ഞു.

'ആഗോളതലത്തില്‍ എയര്‍ കണ്ടീഷണറുകളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറാന്‍ പോകുന്നു. ഓരോ 15 സെക്കന്‍ഡിലും ഇന്ത്യയില്‍ ഒരു എയര്‍ കണ്ടീഷണര്‍ വില്‍ക്കപ്പെടുന്നു. വികസിത രാജ്യങ്ങളിലെ എസി ലഭ്യത 90 ശതമാനമായിരിക്കുമ്പോള്‍, രാജ്യത്ത് നിലവില്‍ 8 ശതമാനമാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എസിയുടെ വ്യാപനം വര്‍ധിക്കാന്‍ പോകുന്നു. പ്രശ്‌നം എന്തെന്നാല്‍ ഈ എയര്‍ കണ്ടീഷണറുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയില്ലാത്തവയാണ്. ഇത് അന്തരീക്ഷത്തിലെ ചൂട് വര്‍ധിപ്പിക്കുന്നു.

'ആ വര്‍ധനവ് ഉണ്ടായിരുന്നിട്ടും, 2050 ല്‍ രണ്ട് മുതല്‍ അഞ്ച് ബില്യണ്‍ വരെ ആളുകള്‍ക്ക് എയര്‍ കണ്ടീഷണറുകള്‍ ലഭ്യമല്ല,' ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഓക്‌സ്‌ഫോര്‍ഡ് ഇന്ത്യ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റിന്റെ ഗവേഷണ ഡയറക്ടര്‍ ഋഷിക ഖോസ്ല പറഞ്ഞു.

വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂടുള്ള ഒരു ലോകത്ത്, മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തണുപ്പിക്കല്‍ ആവശ്യം ഇന്ത്യയിലായിരിക്കുമെന്നും തുടര്‍ന്ന് ചൈന, നൈജീരിയ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ഫിലിപ്പീന്‍സ്, യുഎസ് എന്നിവിടങ്ങളിലായിരിക്കുമെന്നും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അസാധാരണമായ കഠിനമായ വേനല്‍ക്കാലം അനുഭവപ്പെട്ടു, 536 ഉഷ്ണതരംഗ ദിനങ്ങള്‍ രേഖപ്പെടുത്തി. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഏറ്റവും ചൂടേറിയതും ദൈര്‍ഘ്യമേറിയതുമായ ഉഷ്ണതരംഗങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ 41,789 താപാഘാത കേസുകളും 143 താപ സംബന്ധമായ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News