ഹൈറിച്ച് നടത്തിയത് 1630 കോടിയുടെ തട്ടിപ്പ്; 203 കോടിയുടെ സ്വത്ത് മരവിപ്പിച്ചു
- ഇന്നലത്തെ ഇഡി റെയ്ഡുകള്‍ക്ക് പിന്നാലെയാണ് സ്വത്ത് മരവിപ്പിച്ചത്
- 482 കോടി രൂപ സമാഹരിച്ചത് ക്രിപ്‌റ്റോകറന്‍സി വഴിയെന്ന് ഇഡി
- ഹൈറിച്ച് ഉടമകള്‍ ഒളിവില്‍ തുടരുന്നു
ഓണ്‍ലൈന്‍ ഷോപ്പിംഗിന്‍റെ മറവില്‍ 1630 കോടിയുടെ വന്‍തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ സ്വത്ത് മരവിപ്പിച്ചു. 203 കോടി രൂപയുടെ സ്വത്താണ് മരവിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഹൈറിച്ചിന്‍റെ ഹെഡ് ഓഫിസിലും ഇടപ്പള്ളിയിലെയും തൃശൂരിലെയും ശാഖകളിലും ഉടമകളുടെ രണ്ട് വീടുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് മരവിപ്പിക്കാന്‍ നടപടി ഉണ്ടായത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
അതിനിടെ ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ന പേരില്‍ തുടങ്ങിയ കമ്പനി മണിചെയ്ന്‍ നെറ്റ്‍വര്‍ക്ക് രൂപത്തില്‍ നിക്ഷേപം സ്വീകരിക്കുകയും തട്ടിപ്പു നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 1.63 ലക്ഷം ഇടപാടുകള്‍ രാജ്യമെമ്പാടും ഉണ്ടെന്നു കാണിക്കുന്നതിനായി ഒരു ഇടപാടുകാരന്‍റെ പേരില്‍ തന്നെ പല ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ട്.
വടകര സ്വദേശി പി എ വല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 1630 കോടിയുടെ തട്ടിപ്പ് വെളിച്ചത്തായത്. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്‍ടി അധികൃതരും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഇഡി അധികൃതര്‍ റെയ്ഡിന് എത്തുന്നതിന് മുന്നോടിയായി പ്രതാപനും സീനയും ഒളിവില്‍ പോകുകയായിരുന്നു. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ ക്രിപ്‌റ്റോകറന്‍സി വഴി ശേഖരിച്ചതാണെന്നാണ് ഇഡി വിലയിരുത്തുന്നത്.
തട്ടിപ്പിന്‍റെ നാള്‍വഴി
2019ലാണു തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രവര്‍ത്തനം തുടങ്ങുന്നത്. 700 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ച് പലചരക്ക് വാങ്ങിയാല്‍ പ്രവിലേജ് കസ്റ്റമറാകാമെന്നും 100 രൂപ ക്യാഷ് ബാക്ക് നേടാമെന്നും കാണിച്ചാണ് ആദ്യം കമ്പനി നിക്ഷേപകരെ ആകര്‍ഷിച്ചത്. 10,000 രൂപയുടെ നിക്ഷേപകരെ കണ്ടെത്തിയാല്‍ 1000 രൂപ ഇന്‍സെന്‍റിവ് നല്‍കുമെന്നും 10000 രൂപയ്ക്ക് മാസം 400 രൂപ പലിശ നല്‍കുമെന്നും വാഗ്ദാനം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തിയും നിരവധി നിക്ഷേപകരെ കണ്ടെത്തി.
