ഇടുക്കി ഇക്കോ ലോഡ്ജ്; ഇന്ന് മുതൽ സഞ്ചാരികൾക്ക് സ്വന്തം
പ്രതിദിനം 4130 രൂപയാണ് താമസത്തിന് ഈടാക്കുന്നത്.
ഇടുക്കി അണക്കെട്ടിന് സമീപത്തതായി നിർമ്മാണം പൂർത്തികരിച്ച ടുറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇക്കോ ലോഡ്ജിലെ താമസ സൗകര്യങ്ങൾ കാണുന്നതിനായി ഇന്ന് സൗകര്യമുണ്ടായിരിക്കും.
25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമാണത്തിനായി 6.72 കോടി രൂപയാണ് ചെലവഴിച്ചത്. പൂർണമായും തടികൊണ്ട് നിർമിച്ചിരിക്കുന്ന 12 കോട്ടേജുകളാണ് ഇവിടെയുള്ളത്.. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഇക്കോ ലോഡ്ജുകളിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രകൃതി സൗഹൃദമായ താമസത്തിനൊപ്പം ചെറുതോണി, ഇടുക്കി ഡാമുകൾ, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡി.ടി.പി.സി പാർക്ക്, കുടിയേറ്റ സ്മാരക ടുറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ സാധിക്കും.
സംസ്ഥാന സർക്കാരിൽ നിന്ന് 2.78 കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന 5.5 കോടി രൂപയുമാണ് പദ്ധതിക്കായി ഭരണാനുമതി ലഭിച്ചത്. വിനോദ സഞ്ചാര വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി നാളെമുതൽ ഇക്കോ ലോഡ്ജ് ഓൺലൈനായി ബുക്ക് ചെയ്യാം.