അപകടത്തിന്റെ ചൂളംവിളിയുമായി റെയില്‍വെ; ആര്‍.പി.എഫില്‍ ഒഴിവുകള്‍ ഏറെ, മിഴി തുറക്കാതെ സി.സി ടി.വി കാമറകള്‍
- കഴിഞ്ഞ വര്ഷം റെയില്‍വേയുടെ വരുമാനം 63,300 കോടി
- റെയിൽവേ തസ്തികകൾ നികത്തപ്പെടുന്നില്ല
- സുരക്ഷാസംവിധാനത്തിനുള്ള ഫണ്ട് ചെലവഴിച്ചില്ല
കോടികളുടെ വരുമാനമുണ്ടാക്കുമ്പോഴും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ നല്‍കാതെ റെയില്‍വേ. കഴിഞ്ഞ വര്‍ഷം യാത്രക്കാരില്‍നിന്ന് മാത്രമുള്ള റെയില്‍വേയുടെ വരുമാനം 63,300 കോടിയാണ്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 61% കൂടുതല്‍. എന്നാല്‍ ഈ തുകയില്‍ ചെറിയൊരു ഭാഗം പോലും സുരക്ഷാ കാര്യങ്ങള്‍ക്കും തസ്തികകള്‍ നികത്തുന്നതിനും ഉപയോഗിക്കുന്നില്ല.
ദക്ഷിണ റെയില്‍വേയുടെ ഭാഗമായ കേരളത്തില്‍ പല സ്റ്റേഷനുകളിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ല. സി.സി ടി.വി കാമറകള്‍ പകുതിയിലേറെയും പ്രവര്‍ത്തനരഹിതമാണ്. പാലക്കാട് ഡിവിഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍(ആര്‍.പി.എഫ്) 81 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മേരി സഹേലി പദ്ധതിയുടെ ഭാഗമായി 9,000 സ്റ്റേഷനുകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാലക്കാട് ഡിവിഷനില്‍ സ്ഥാപിച്ച 14 സി.സി ടി.വി കാമറകളില്‍ എട്ടെണ്ണവും പ്രവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരം ഡിവിഷനില്‍ 14 കാമറകളില്‍ ആറെണ്ണവും പ്രവര്‍ത്തനരഹിതമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ (സി.എ.ആര്‍.യു.എ) കേരള റീജ്യനല്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി പറയുന്നു.
കൊവിഡിന്റെ മറവില്‍ റെയില്‍വേ നിര്‍ത്തലാക്കിയ പല ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ ഇതില്‍ പെടുന്നു. മൂന്നു ലക്ഷത്തിലേറെ തസ്തികകളാണ് നിയമനം നടക്കാതെ രാജ്യത്താകമാനം ഒഴിഞ്ഞുകിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ ഒന്നു വരെയുള്ള കണക്ക് പ്രകാരം 18 റെയില്‍വേ സോണുകളിലുമായി 3.12 ലക്ഷം തസ്തികകളാണ് നിലവില്‍ ഒഴിഞ്ഞുകിടക്കുന്നത്.
ഇതില്‍ നല്ലൊരു ശതമാനവും സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാരാണ്. എന്‍ജിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ലോക്കോ പൈലറ്റുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, പരിശോധകര്‍, സിഗ്‌നലിങ് സ്റ്റാഫുകള്‍ എന്നിങ്ങനെയുളള നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നവയില്‍ പെടുന്നു.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ റെയില്‍വേ നിര്‍ത്തലാക്കിയത് 72,383 തസ്തികകളാണ്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 81,000 തസ്തികകള്‍ അവസാനിപ്പിക്കാനായിരുന്നു സോണുകളോടുള്ള റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. ഇതില്‍ ദക്ഷിണ റെയില്‍വേയിലെ 7,524 തസ്തികകളും ഉള്‍പ്പെടും.
ഇപ്പോഴും ഉള്ള തസ്തികകള്‍ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും നിരന്തരം സര്‍ക്കുലറുകളെത്തുകയാണ്. തിരുവനന്തപുരത്തും പാലക്കാടുമടക്കം 155ഓളം സുപ്രധാന തസ്തികകള്‍ കുറക്കാനാന്‍ ആവശ്യപ്പെട്ടുള്ളതാണ് ഒടുവിലത്തെ സര്‍ക്കുലര്‍. തിരുവനന്തപുരം ഡിവിഷനില്‍ ആയിരത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണിത്.
തസ്തികകള്‍ നികത്താന്‍ കഴിയാത്തത് നിലവിലുള്ള ജീവനക്കാരെ അധികസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്. 16 മണിക്കൂര്‍ വരെ ഇരട്ട ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുണ്ട്. ജീവനക്കാരുടെ കുറവ് കാരണം പലര്‍ക്കും ലീവ് എടുക്കാന്‍ കഴിയാത്തത് തൊഴിലിന്റെ കാര്യക്ഷമതയെ ബാധിക്കും.
2018ലെ കേന്ദ്രബജറ്റില്‍ റെയില്‍വേയ്ക്ക് അനുവദിച്ച ഒരു ലക്ഷം കോടി രൂപ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനായിരുന്നു. എന്നാല്‍ ഈ തുക ചെലവഴിക്കാന്‍ റെയില്‍വേ ബോര്‍ഡിന് സാധിക്കാത്തതിനാല്‍ അടുത്ത അഞ്ചുവര്‍ഷം ട്രെയിന്‍ യാത്രക്കാര്‍ സുരക്ഷയില്ലാതെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
ഓരോവര്‍ഷവും 20,000 കോടി രൂപ സമാഹരിക്കണമായിരുന്നു. ഇതിലേക്കുള്ള 15,000 കോടി രൂപ കേന്ദ്രവും 5000 കോടി റെയില്‍വേയും സമാഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. 2021 വരെ ഈയിനത്തില്‍ നല്‍കേണ്ട 15,775 കോടി രൂപ റെയില്‍വേ മാറ്റിവയ്ക്കാതിരുന്നതാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ഫണ്ട് പാഴാകാനിടയാക്കിയതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
