ഇനി വഷളാകില്ല; സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും കാനഡയും
മഞ്ഞുരുകുന്നു; വ്യാപാരവും സഹകരണവും മെച്ചപ്പെടുത്തും
വഷളായ പരസ്പര ബന്ധത്തില്‍നിന്നും കരകയറിയ ഇന്ത്യയും കാനഡയും സാമ്പകത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുന്നു. ഇതിനായി വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ കനേഡിയന്‍ മന്ത്രി മനീന്ദര്‍ സിദ്ധുവുമായി ചര്‍ച്ച നടത്തി.
സാമ്പത്തിക ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയുമായി സംസാരിച്ചതായി കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ഒരു പോസ്റ്റില്‍ പറഞ്ഞു.
'ഇരു രാജ്യങ്ങളും ഒരുമിച്ച്, ക്ലീന്‍ ടെക്‌നോളജി, എഐ, കൃഷി, നിര്‍ണായക ധാതുക്കള്‍, മറ്റ് പ്രധാന മേഖലകള്‍ എന്നിവയില്‍ പുതിയ വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
2023-ല്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ഈ ചര്‍ച്ചകള്‍ പ്രധാനമാണ്. വ്യാപാര കരാറിനെക്കുറിച്ച് ഇതുവരെ അര ഡസനിലധികം റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
സാധാരണയായി ഒരു വ്യാപാര കരാറില്‍, രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. സേവനങ്ങളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും അവര്‍ ഉദാരവല്‍ക്കരിക്കുന്നു.
2023-24 ലെ 3.84 ബില്യണ്‍ ഡോളറില്‍ നിന്ന് 2024-25 ല്‍ ഇന്ത്യയുടെ കാനഡയിലേക്കുള്ള കയറ്റുമതി 9.8 ശതമാനം ഉയര്‍ന്ന് 4.22 ബില്യണ്‍ ഡോളറായി. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി 2.33 ശതമാനം കുറഞ്ഞ് 4.44 ബില്യണ്‍ ഡോളറായി, 2023-24 ല്‍ ഇത് 4.55 ബില്യണ്‍ ഡോളറായിരുന്നു.
ജൂണില്‍ കാനഡയിലെ കാനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരാണ നിലയിലായത്.
