ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം:മോദി

  • സാമ്പത്തിക വികസനത്തിന് സമാധാനം അനിവാര്യം
  • ഗാല്‍വാനിലെ ഏറ്റുമുട്ടലിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്
  • അതിനുശേഷം ഇരുപക്ഷവും അതിര്‍ത്തിയിലുടനീളം ശക്തിവര്‍ധിപ്പിക്കുകയാണ്

Update: 2024-04-11 06:20 GMT

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം സാധാരണ നിലയിലയിലാക്കാന്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ചൈനയും തമ്മിലുളള സുസ്ഥിരവും സമാധാനപരവുമായ ബന്ധം മുഴുവന്‍ മേഖലക്കും ലോകത്തിനും പ്രധാനമാണെന്ന് യുഎസിലെ ന്യൂസ് വീക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചൈനയുമായുള്ള ബന്ധം സുപ്രധാനവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നമ്മുടെ അതിര്‍ത്തിയിലെ നീണ്ടുനില്‍ക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം. അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം ഒഴിവാക്കാനാകും' പ്രധാനമന്ത്രി പറഞ്ഞു.

ക്രിയാത്മകമായ ഇടപെടലിലൂടെ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരു അയല്‍ക്കാര്‍ക്കും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ മേഖലയ്ക്കും ലോകത്തിനും പ്രധാനമാണ്. ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ നമുക്ക് പുനഃസ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു' അദ്ദേഹം പറഞ്ഞു.

ലഡാക്ക് മേഖലയിലെ ഉയര്‍ന്ന ഉയരത്തിലുള്ള ഗാല്‍വാന്‍ താഴ്വരയില്‍ സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം 2020 ല്‍ ഇന്ത്യ-ചൈന ബന്ധം വഷളായിയിരുന്നു. ഏറ്റുമുട്ടലില്‍ 20 ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൈനയുടെ പക്ഷത്ത് എത്രപേര്‍ കൊല്ലപ്പെട്ടു എന്ന സംഖ്യ ബെയ്ജിംഗ് പുറത്തുവിട്ടില്ല. ഇതിനെത്തുടര്‍ന്ന് ഉന്നതതല നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു.

ചൈനയുമയി മത്സരിക്കുന്ന വിഷയം സംബന്ധിച്ച് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി എടുത്തുകാണിച്ചു. ചൈനയില്‍ നിന്ന് പുറത്തുപോകുന്ന ബിസിനസുകള്‍ക്ക് ആകര്‍ഷകമായ രാജ്യം ഇന്ത്യയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ, ഒരു ജനാധിപത്യ രാഷ്ട്രമാണ്. ആഗോള തലത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുമാണ്. തങ്ങളുടെ വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വാഭാവിക തിരഞ്ഞെടുപ്പായിരിക്കും ഇന്ത്യയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ചരക്ക് സേവന നികുതി, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍, പാപ്പരത്ത കോഡ്, തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ സുപ്രധാന പരിഷ്‌കാരങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയില്‍ അതിവേഗം ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യത്തെ ഗണ്യമായി മെച്ചപ്പെടുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News