2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റും; സംപ്രേക്ഷണത്തിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക 1527 കോടി രൂപ

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ടി20 ഉള്‍പ്പെടുത്തും

Update: 2023-10-10 11:00 GMT

2028 ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയേക്കും. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) ലോസ് ഏഞ്ചല്‍സ് ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ചു ധാരണയിലെത്തുമെന്നാണു സൂചന. ഈ മാസം 14-15 തീയതികളില്‍ മുംബൈയില്‍ ചേരുന്ന എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗത്തില്‍ ഐഒസി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയിലെ ഒളിമ്പിക്സ് സംപ്രേക്ഷണാവകാശത്തിന്റെ മൂല്യം പത്തിരട്ടി വര്‍ധിച്ച് 1527 കോടി രൂപയ്ക്കു മുകളിലെത്തുമെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗില്‍ ഒരു വന്‍ മാറ്റമായിരിക്കും ഇത് കൊണ്ടുവരിക.

2024-ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യയിലെ നിലവിലെ സംപ്രേക്ഷണാവകാശം 159 കോടി രൂപയുടേതാണ്. ഇന്ത്യയിലെ സ്വാധീനം വച്ച് ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയാല്‍ സംപ്രേക്ഷണാവകാശത്തിന്റെ മൂല്യം പത്ത് മടങ്ങ് വര്‍ധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ടി20 ഉള്‍പ്പെടുത്തുമെന്നും പറയപ്പെടുന്നു.

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനു പുറമെ ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ ഇനങ്ങളും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ക്രിക്കറ്റ് അവസാനമായി കളിച്ചത് 1900 ഒളിമ്പിക്‌സിലായിരുന്നു. അന്ന് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലായിരുന്നു മത്സരം.

Tags:    

Similar News