പേറ്റന്റില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ: അനുമതി നല്‍കിയത് 41,010 അപേക്ഷകള്‍ക്ക്

ഇന്ത്യക്കാരുടെ പേറ്റന്റ് അപേക്ഷകള്‍ 2022-ല്‍ 31.6 ശതമാനം വര്‍ധിച്ചതായിട്ടാണു വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പറയുന്നത്

Update: 2023-11-17 08:28 GMT

നടപ്പുസാമ്പത്തിക വര്‍ഷം (2023-24) നവംബര്‍ 15 വരെയായി ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് 41,010 പേറ്റന്റുകള്‍ അനുവദിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

' ഇതൊരു റെക്കോര്‍ഡാണ്. 2023-24-ല്‍ ഇതുവരെ അനുവദിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന എണ്ണമാണിത് ' -മന്ത്രി ഗോയല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

' ഇത് ശ്രദ്ധേയമായ നേട്ടമാണ്. ഇത് നവീകരണത്തില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നാഴികക്കല്ലാണെന്ന് ' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പിയൂഷ് ഗോയലിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്.

ഇന്ത്യയില്‍ പേറ്റന്റിന് അപേക്ഷിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഇത് വരാനിരിക്കുന്ന കാലത്തിന് വളരെ നല്ല സൂചനയാണെന്നും പ്രധാനമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ഇന്ത്യക്കാരുടെ പേറ്റന്റ് അപേക്ഷകള്‍ 2022-ല്‍ 31.6 ശതമാനം വര്‍ധിച്ചതായിട്ടാണു വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പറയുന്നത്.

2013-14 സാമ്പത്തിക വര്‍ഷം ആകെ അനുവദിച്ചത് 4,227 പേറ്റന്റുകള്‍ക്കുള്ള അപേക്ഷകളായിരുന്നു. ഇതാണ് 2023-24-ല്‍ 41,010 ല്‍ എത്തിയത്.

Tags:    

Similar News