ഇന്ത്യയും ശ്രീലങ്കയും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കും

  • ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
  • നാല് ബില്യണ്‍ ഡോളറിന്റെ സഹായം പ്രതിസന്ധിയില്‍ ഇന്ത്യ നല്‍കിയിരുന്നു
  • ബെയ്ലൗട്ട് പാക്കേജ് ഉറപ്പാക്കാന്‍ ഐഎംഎഫിന് ന്യൂഡെല്‍ഹി ഗ്യാരണ്ടിയും നല്‍കി

Update: 2023-07-21 08:45 GMT

ഇന്ത്യയും ശ്രീലങ്കയും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സാമ്പത്തിക സഹകരണം ചര്‍ച്ചയായത്. കൂടാതെ തന്ത്രപ്രധാനമായ വിഷയങ്ങളിലും സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി.

കഴിഞ്ഞ വര്‍ഷം ശ്രീലങ്ക അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് ശേഷം ഒരു മുതിര്‍ന്ന ശ്രീലങ്കന്‍ നേതാവിന്റെ ആദ്യ ഇന്ത്യാ പര്യടനമാണ് ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിക്രമസിംഗെ വ്യാഴാഴ്ചയാണ് ഡെല്‍ഹിയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഭക്ഷണവും ഇന്ധനവും വാങ്ങിയതിനുള്ള ക്രെഡിറ്റ് ലൈനുകള്‍ ഉള്‍പ്പെടെ ഏകദേശം നാല് ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു.

2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ ബെയ്ലൗട്ട് പാക്കേജ് ഉറപ്പാക്കാന്‍ രാജ്യത്തെ സഹായിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിക്ക് (ഐഎംഎഫ്) ന്യൂഡെല്‍ഹി ഗ്യാരണ്ടിയും നല്‍കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വര്‍ഷം ഈ വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ദീര്‍ഘകാലമായുള്ള ഇന്ത്യ-ശ്രീലങ്ക ബന്ധം അവലോകനം ചെയ്യാനും കൂടുതല്‍ ഊര്‍ജം പകരാനുമുള്ള അവസരമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു.

രണ്ട് ഉന്നത നേതാക്കള്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി എന്‍എസ്എ അജിത് ഡോവല്‍ വിക്രമസിംഗെയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

ചൈനയുമായി ശ്രീലങ്കയുടെ സഹകരണം ഇന്ത്യക്ക് എന്നും സുരക്ഷാ ഭീഷണി ഉയര്‍ത്തിയിരുന്നു. അതിനാല്‍ ശ്രീലങ്കന്‍ വിഷയത്തില്‍ രാജ്യം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കടക്കെണിയില്‍ അകപ്പെട്ടാണ് ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. കൂടാതെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സാമ്പത്തിക നയങ്ങളും ആ രാജയത്തിന് പ്രതിസന്ധി തീര്‍ത്തു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ജനം തന്നെ തെരുവിലിറങ്ങി. പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയുകയും രാജ്യം വിടുകയും ചെയ്ത സംഭവങ്ങള്‍ വരെ അരങ്ങേറി.

ഇന്ന് ലങ്ക പ്രതിസന്ധിയില്‍ നിന്ന് കരകയറി വരികയാണ്. അതിന്റെ പ്രതിഫലനമായി പല വസ്തുക്കളുടെയും ഇറക്കുമതിക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കി. ഇനിയും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അത് സുചിപ്പിക്കുന്നത് രാജ്യം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നുതന്നെയാണ്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.

കഴിഞ്ഞദിവസം ചൈനീസ് ഊര്‍ജ കമ്പനിയായ സിനോപെക് ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റുമായി 20 വര്‍ഷത്തേക്ക് റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. ഇത് കഴിവതും സര്‍ക്കാരിനുമേലുള്ള ബാധ്യത വിഭജിച്ച് നല്‍കുന്ന നടപടികലില്‍ ഒന്നായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ശ്രീലങ്ക അതിന്റെ തുച്ഛമായ ഡോളര്‍ കരുതല്‍ ശേഖരത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇന്ധന ഇറക്കുമതി, സംഭരണം, വില്‍പ്പന എന്നിവയ്ക്കായി ആണ് സിനോപെകിനെ നിയോഗിക്കുന്നത്. പദ്ധതിയില്‍ ചൈനീസ് കമ്പനി 100 മില്യണ്‍ ഡോളര്‍ ആണ് നികഷേപിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം, ചൈനീസ് കമ്പനിക്ക് ശ്രീലങ്കയില്‍ 150 ഇന്ധന സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും 50 പുതിയ ഇന്ധന സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമുള്ള 20 വര്‍ഷത്തെ ലൈസന്‍സ് നല്‍കാനാണ് നീക്കം. ഈ നടപടി രാജ്യത്തെ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ പ്രാദേശിക ഓപ്പറേഷന്‍ വിഭാഗം എല്‍ഐഒസിയുടെയും മാര്‍ക്കറ്റ് മേധാവിത്വം അവസാനിപ്പിച്ചു.

ഫോട്ടോവോള്‍ട്ടെയ്ക് സംവിധാനങ്ങള്‍, ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ബാറ്ററി സ്വാപ്പിംഗ്, പ്രാദേശിക വിപണിയിലെ മറ്റ് അനുബന്ധ ഓഫറുകള്‍ തുടങ്ങിയ പുതിയ ഊര്‍ജ്ജ സേവനങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിനോപെക്ക് പദ്ധതിയിടുന്നതായി സൂചനയുണ്ട്. സിനോപെക് ഏറ്റവും വലിയ എണ്ണ, പെട്രോകെമിക്കല്‍ ഉല്‍പ്പന്ന വിതരണക്കാരില്‍ ഒരു കമ്പനിയാണ്. ഈ ഉല്‍പ്പന്നങ്ങളുടെ ചൈനയിലെ രണ്ടാമത്തെ വലിയ നടത്തിപ്പുകാര്‍ ഇവര്‍. ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ പെട്രോള്‍ പമ്പുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ കമ്പനി.

Tags:    

Similar News