യുഎസ്സിലേക്ക് കുടിയേറ്റം: ചൈനയെ മറികടന്ന് ഇന്ത്യ
അമേരിക്കയില്‍ കുടിയേറാന്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം 2021-നെ അപേക്ഷിച്ച് 229 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്
യുഎസില്‍ കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. ഇക്കാര്യത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. യുഎസില്‍ 28.4 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ചൈനാക്കാരുടെ എണ്ണം 28.3 ലക്ഷവും. യുഎസ് സെന്‍സെസ് ബോര്‍ഡിന്റെ കുടിയേറ്റക്കാരുടെ സെന്‍സസിലാണ് ഈ കണ്ടെത്തല്‍.
2022-ല്‍ യുഎസിലേക്ക് എത്തിയ ഇന്ത്യക്കാരുടെ എണ്ണം മുന്‍വര്‍ഷമുണ്ടായിരുന്ന 27.05 ലക്ഷത്തില്‍നിന്ന് നാല് ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനക്കാരുടെ എണ്ണത്തില്‍ മൂന്നു ശതമാനം വര്‍ധനയാണുണ്ടായത്.
ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ മെക്സിക്കോയില്‍നിന്നാണ്. അവരുടെ എണ്ണം 106.8 ലക്ഷമാണ്. യുഎസിലെ കുടിയേറ്റ ജനസംഖ്യയുടെ 23 ശതമാനത്തോളമാണിത്. അഫ്ഗാനികള്‍ 4.07 ലക്ഷവും വെനിസ്വേലക്കാര്‍ 6.7 ലക്ഷവുമുണ്ട്.
2022 ജൂലൈയില്‍ യുഎസ് ജനസംഖ്യയുടെ (ഏകദേശം 33 കോടി) 13.9 ശതമാനത്തോളം പേര്‍ (ഏകദേശം 4.61 കോടി) കുടിയേറ്റക്കാരാണ്. അതായത് വിദേശത്തു ജനിച്ചവരോ വിദേശ വംശജരോ ആണ്. മുന്‍വര്‍ഷമിത് 13.6 ശതമാനമായിരുന്നു. അതായത് യുഎസിലെ ഓരോ ഏഴുപേരിലും ഒരാള്‍ വിദേശത്തു ജനിച്ചവരാണ്.
അമേരിക്കയില്‍ കുടിയേറാന്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം 2021-നെ അപേക്ഷിച്ച് 229 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. അതേപോലെ അഭയം തേടുന്നവരുടെ അപേക്ഷ 22 ശതമാനവും വര്‍ധിച്ചു.
അമേരിക്കയ്ക്ക് ആളുകളെ ആവശ്യമുണ്ട്. ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും. കാരണം യുഎസ് ജനതയ്ക്ക് പ്രായം കൂടുക മാത്രമല്ല, ജനസംഖ്യാനിരക്ക് കുറയുകയുമാണ്. ജോലിക്കാരുടെ എണ്ണവും കുറയുന്നു. ജോലിക്കാരേയും നൈപുണ്യമുള്ള ആളുകളേയും അമേരിക്കയ്ക്ക് ആവശ്യമാണ്. ഇക്കാര്യത്തില്‍ കുടിയേറ്റക്കാര്‍ക്കു സഹായിക്കാന്‍ സാധിക്കും. നിയമപരമായി അത് ചെയ്യണമെന്നു മാത്രം. വാഷിംഗ്ടണിലെ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടര്‍ ഡേവിഡ് ജെ. ബെയര്‍ പറയുന്നു.
