2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത ഇരട്ടിക്കും: മുകേഷ് അംബാനി
ഹരിതോര്‍ജ്ജത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് റിലയന്‍സ് ഇന്‍റസ്ട്രീസ് ചെയര്‍മാന്‍
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത നിലവിലുള്ളതിന്‍റെ ഇരട്ടിയാകുമെന്ന് രാജ്യത്തെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനി. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, വലിയ തോതിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയുടെ (പിഡിഇയു) കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അംബാനി, നിലവിലെ 3.5 ട്രില്യൺ ഡോളറിൽ നിന്ന് ,2047 ഓടെ 40 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഈ വളർച്ചയ്ക്ക് ഊർജം പകരാൻ രാജ്യത്തിന് വലിയ തോതിലുള്ള ഊർജം ആവശ്യമായി വരും. മനുഷ്യപുരോഗതിക്ക് വേണ്ടി പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞ ശുദ്ധ, ഹരിത ഊര്‍ജ്ജം വികസിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോസിൽ ഇന്ധനത്തിന്‍റെ ആധിപത്യമുള്ള തന്‍റെ ബഹുമുഖ വ്യവസായത്തെ ശുദ്ധ ഊർജ്ജത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് അംബാനി. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിനും ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനും ഗിഗാ ഫാക്ടറികൾ നിർമ്മിക്കുന്നതിനായി ബില്യൺ കണക്കിന് ഡോളറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിക്ഷേപിക്കുന്നത്.