തൊഴിലില്ലായ്മ നിരക്ക് ആറുവര്‍ഷത്തെ കുറഞ്ഞ നിലയില്‍

  • 2022 ജൂലൈ- 2023 ജൂണ്‍ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 3.2 %
  • തൊഴില്‍ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ധന

Update: 2023-10-10 06:14 GMT

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. 2022 ജൂലൈ- 2023 ജൂണ്‍ കാലയളവില്‍ നിരക്ക് 3.2 ശതമാനത്തിലെത്തിയതായി  റിപ്പോര്‍ട്ട് പറയുന്നു. 

 അഖിലേന്ത്യാ തലത്തില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ സാധാരണ നിലയിലുള്ള തൊഴിലില്ലായ്മ നിരക്ക് 2021-22ലെ 4.1ശതമാനമായിരുന്നു. 2020-21ല്‍ 4.2 ശതമാനവും 2019-20ല്‍ 4.8 ശതമാനവും 2018-19ല്‍ 5.8 ശതമാനവും 2017-18ല്‍ 6 ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്കുകള്‍.

ലേബര്‍ ഫോഴ്സ് ഡാറ്റയുടെ ലഭ്യതയുടെ പ്രാധാന്യം കണക്കിലെടുത്ത്, 2017 ഏപ്രിലില്‍  മുതലാണ്  ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ ആരംഭിച്ചത്. സര്‍വേയുടെ തീയതിക്ക് മുമ്പുള്ള 365 ദിവസത്തെ റഫറന്‍സ് കാലയളവിനെ അടിസ്ഥാനമാക്കിയാണ് തൊഴില്‍ നിരക്ക് നിര്‍ണയിക്കപ്പെടുന്നത്.  ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെയുള്ള കാലയളവാണ് ഏറ്റവും പുതിയ സർവേയ്ക്കായി എടുത്തിട്ടുള്ളത്. ആറാമത്തെ വാർഷിക റിപ്പോർട്ടാണ് നാഷണല്‍ സാമ്പിള്‍ സർവേ  ഓഫീസ് പുറത്തുവിട്ടിട്ടുള്ളത്.

2017-18ല്‍ ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മനിരക്ക് 5.3 ശതമാനമായിരുന്നു. ഇത് 2022-23ല്‍ 2.൪ ശതമാനമായി കുറഞ്ഞു. അതേസമയം നഗരങ്ങളില്‍ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. നഗരപ്രദേശങ്ങളില്‍ നിരക്ക് 7.7 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 5.4 ശതമാനമായാണ് കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ ജോലിയില്ലാത്ത പുരുഷന്‍മാരുടെ നിരക്ക് 6.1ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ നിരക്ക് 5.6 ശതമാനത്തില്‍നിന്ന് 2.9 ശതമാനമായും കുറഞ്ഞു.

തൊഴില്‍ശക്തിയുടെ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) വര്‍ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ എല്‍എഫ്പിആര്‍ 2017-18ല്‍ 50.7 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 60.8 ശതമാനമായി ഉയര്‍ന്നപ്പോള്‍ നഗരപ്രദേശങ്ങളില്‍ ഇത് 47.6 ശതമാനത്തില്‍നിന്ന് 50.4 ആയാണ് വര്‍ധിച്ചു. ഇന്ത്യയിലെ പുരുഷന്മാരുടെ എല്‍എഫ്പിആര്‍ 75.8 ശതമാനത്തില്‍ നിന്ന് 78.5 ആയി. അതേസമയം സ്ത്രീകളുടെ എല്‍എഫ്പിആര്‍ 23.3 ശതമാനത്തില്‍ നിന്ന് 37.0 ശതമാനമായി ഉയര്‍ന്നു. 

Tags:    

Similar News