മഹാകുംഭമേളയില്‍ അന്താരാഷ്ട്ര പക്ഷിമേള

  • ഈമാസം 16 മുതല്‍ 18 വരെയാണ് പക്ഷിമേള സംഘടിപ്പിക്കുന്നത്
  • പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം
  • വംശനാശഭീഷണി നേരിടുന്ന പക്ഷികളും മേളയിലുണ്ടാകും

Update: 2025-02-09 11:33 GMT

പ്രയാഗ്രാജില്‍ മഹാകുംഭമേളയില്‍ ഈമാസം 16 മുതല്‍ 18 വരെ അന്താരാഷ്ട്ര പക്ഷിമേള സംഘടിപ്പിക്കുന്നു. പക്ഷിമേളയില്‍ 200-ലധികം ഇനം ദേശാടന, പ്രാദേശിക പക്ഷികളെ ഒരുമിച്ച് കാണാന്‍ അവസരം ലഭിക്കും. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പക്ഷി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും മേള ലക്ഷ്യമിടുന്നു. ഫോട്ടോഗ്രാഫി, പെയിന്റിംഗ്, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കൂടാതെ, സാങ്കേതിക സെഷനുകളിലും പാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കുന്ന ദേശീയ, അന്തര്‍ദേശീയ പക്ഷിശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംരക്ഷണ വിദഗ്ധര്‍ എന്നിവര്‍ ഈ മേഖലയിലെ അവരുടെ ഉള്‍ക്കാഴ്ചകള്‍ പങ്കിടും.

മേളയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9319277004 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാമെന്ന് വനം വകുപ്പ് ഐടി മേധാവി അലോക് കുമാര്‍ പാണ്ഡെ അറിയിച്ചു. പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ആകെ 21 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാര്‍ നല്‍കും.

വംശനാശഭീഷണി നേരിടുന്ന ഇന്ത്യന്‍ സ്‌കിമ്മര്‍, രാജഹംസം , സൈബീരിയന്‍ കൊക്ക് തുടങ്ങിയ അപൂര്‍വ പക്ഷികളെ നിരീക്ഷിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കും. സൈബീരിയ, മംഗോളിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെ പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ പ്രയാഗ്രാജിലെ ഗംഗാ-യമുന തീരത്ത് എത്തിയിട്ടുണ്ട്.

പ്രയാഗ്രാജ് മേള ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഭക്തര്‍ക്കായി ഒരു പ്രത്യേക ഇക്കോ-ടൂറിസം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പഠനത്തിനും ഇത് അവസരം ഒരുക്കും. പക്ഷികളുടെ ദേശാടനം , ആവാസ വ്യവസ്ഥ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, അവയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകള്‍ എന്നിവ മേളയുടെ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യും. 

Tags:    

Similar News