ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നു

  • ഇരു രാജ്യങ്ങളില്‍നിന്നും കരഅതിര്‍ത്തിവഴിയാണ് ഒഴിപ്പിക്കല്‍
  • സംഘര്‍ഷം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ആള്‍ക്കാരെ മാറ്റുന്നത്

Update: 2025-06-17 05:57 GMT

ഇറാനില്‍ നിന്നും ഇസ്രയേലില്‍നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നു. സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും കരഅതിര്‍ത്തിവഴിയാണ് ഒഴിപ്പിക്കല്‍ നടക്കുക. ഇറാനില്‍നിന്നുള്ള നൂറുപേരുടെ ഒരു സംഘം അര്‍മേനിയ വഴി അതിര്‍ത്തികടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രയേലും വ്യോമപാത അടച്ചതിനാല്‍ കരമാര്‍ഗം ഉള്ള ഒഴിപ്പിക്കല്‍ മാത്രമാണ് സാധ്യമാകുക. ഇസ്രയേലില്‍നിന്നും പൂര്‍ണമായും ഇന്ത്യാക്കാരെ ഒഴിപ്പിക്കുമോ എന്ന് വ്യക്തമല്ല. ഇസ്രയേലില്‍നിന്നും ജോര്‍ദാന്‍ വഴി ഈജിപ്തിലേക്ക് ഇന്ത്യാക്കാരെ എത്തിക്കാനാണ് പദ്ധതി. ഇതിന് ഇസ്രയേല്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം ജനങ്ങളോട് ടെഹ്‌റാന്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തരമായി മിഷനുമായി ബന്ധപ്പെടണമെന്ന് എംബസി അഭ്യര്‍ത്ഥിച്ചു.

ഇസ്രയേലും ഇറാനും പരസ്പരം നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ ഇരുവശത്തുമായി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിന്റെ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ഈ മുന്നറിയിപ്പ് വന്നത്.

അഞ്ച് ദിവസത്തെ പോരാട്ടത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു, കൂടുതലും സാധാരണക്കാര്‍. ഇസ്രയേല്‍ 24 സിവിലിയന്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 3,000 ഇസ്രായേലികളെ ഒഴിപ്പിച്ചു.

അടിയന്തര വെടിനിര്‍ത്തലിനായി അവസരമൊരുക്കാന്‍ ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പകരമായി, ആണവ ചര്‍ച്ചകളില്‍ കൂടുതല്‍ വഴക്കമുള്ള നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ടെഹ്റാന്‍ സൂചന നല്‍കി.

അതേസമയം കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി ട്രംപ് യുഎസിന് മടങ്ങും. 

Tags:    

Similar News