ഇസ്രയേലില്‍ പടയൊരുക്കം; തയ്യാറെടുപ്പുകള്‍ പൂര്‍ണമെന്ന് റിപ്പോര്‍ട്ട്

  • ഇറാന്‍ നേരിട്ട് ഇടപെടുമോ അതോ അവര്‍ പിന്തുണക്കുന്ന സംഘടനകളെ അതിനായി നിയോഗിക്കുമോ എന്ന് വ്യക്തമല്ല
  • പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭൂമിയാകുമോ എന്ന ആശങ്ക ഉയരുന്നു
  • ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ പ്രതികരണം എന്തായിരിക്കും എന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല

Update: 2024-04-06 05:14 GMT

ഇസ്രയേല്‍ പക്ഷത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ യുഎസിനോട് ഇറാന്‍. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ടെഹ്‌റാന്റെ പ്രതികരണം. അതേസമയം ഇറാന്‍ പിന്തുണക്കുന്ന വിമത സംഘടനയായ ഹിസ്ബുള്ള യുദ്ധത്തിന് തയ്യാറാണെന്ന് ജൂത രാഷ്ട്രത്തിന് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ യുദ്ധത്തിലേക്ക് പ്രവേശിച്ചാല്‍ പശ്ചിമേഷ്യ ഒരു രക്തരൂക്ഷിത യുദ്ധത്തിന് സാക്ഷിയാകേണ്ടിവരും. ഇസ്രയേലിലന്റെ പ്രതികരണം ഏതുരീതിയില്‍ആയിരിക്കും എന്നും പ്രവചിക്കാനാവില്ല. ഹമാസിനോടുള്ള ഏറ്റുമുട്ടല്‍ പോലെ ആയിരിക്കില്ല അത് എന്ന് വ്യക്തമാണ്.

വാഷിംഗ്ടണിന് അയച്ച രേഖാമൂലമുള്ള സന്ദേശത്തില്‍, 'നെതന്യാഹുവിന്റെ കെണിയിലേക്ക് വീഴരുതെന്നാണ് ഇറാനിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി പറയുന്നത്. പ്രശ്‌നത്തില്‍നിന്ന് നിങ്ങള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം ഇറാന്‍ അയച്ച സന്ദേശത്തെക്കുറിച്ച് യുഎസ് പ്രതികരിച്ചിട്ടില്ല. യുഎസ് അതീവ ജാഗ്രതയിലാണെന്നും ഈ മേഖലയിലെ ഇസ്രയേലി അല്ലെങ്കില്‍ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള ഇറാനിയന്‍ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ റാന്‍ ആക്രമണം നടത്തിയാല്‍ അത് ഇസ്രയേലിനുള്ളില്‍ ആയിരിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി പറയുന്നു. ഇക്കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആശങ്കാകുലരാണ്. സൈനിക, രഹസ്യാന്വേഷണ ലക്ഷ്യങ്ങളായിരിക്കും അവര്‍ തെരഞ്ഞെടുക്കുക.

മിഡില്‍ ഈസ്റ്റിലെ സ്വന്തം സേനകളെയും താവളങ്ങളെയും ആക്രമിക്കുന്നത് തടയാന്‍ യുഎസ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തങ്ങളുടെ ബദ്ധശത്രുവായ ഇസ്രയേലിന് 'അടി' നല്‍കുമെന്ന് ഇറാന്‍ പറഞ്ഞു. അത് എപ്പോള്‍ സംഭവിക്കുമെന്നോ, അല്ലെങ്കില്‍ ആക്രമണം നേരിട്ടായിരിക്കുമോ അതോ ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള പോലുള്ള പ്രോക്‌സി ഗ്രൂപ്പുകളിലൂടെയോ ആവുമോ എന്ന കാര്യം വ്യക്തമല്ല.

ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് ഇറാനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണെ ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ ഇസ്രയേല്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇറാനിയന്‍ നയതന്ത്ര കെട്ടിടത്തിന് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.

അന്നുമുതല്‍ ഇസ്രയേല്‍ ജാഗ്രതയിലാണ്. സൈനികര്‍ക്ക് ലീവ് റദ്ദാക്കി. കരുതല്‍ സേനയെ വിന്യസിക്കാന്‍ അവര്‍ തയ്യാറെടുക്കുന്നു. വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജിപിഎസ് നാവിഗേറ്റഡ് ഡ്രോണുകളോ മിസൈലുകളോ രാജ്യത്തിന് നേരെ തൊടുത്തുവിടുന്നതിനിതെരെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തി.

ഇറാനില്‍ നിന്നുള്ള പ്രതികരണം തീര്‍ച്ചയായും വരുമെന്ന് ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്റല്ല കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. എന്നാല്‍, തന്റെ സംഘം ഇത്തരം തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News