ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍; ബന്ദികളുടെ മോചനത്തിന് വഴിയൊരുങ്ങി

  • വെടിനിര്‍ത്തല്‍ പ്രകിയയക്ക് ഏതുനിമിഷവും മാറ്റം വരാമെന്ന് ഇസ്രയേല്‍
  • വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായാലും ഇസ്രയേല്‍ സേന ട്രൂസ് ലൈനുകളില്‍' നിലയുറപ്പിക്കും

Update: 2023-11-24 06:00 GMT

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. സിവിലിയന്‍ ബന്ദികളേയും പാലസ്തീന്‍ തടവുകാരേയും ഉച്ചയ്ക്ക് ശേഷം മോചിപ്പിക്കുമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അന്‍സാരി പറയുന്നതനുസരിച്ച്, വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിക്കും. ബന്ദികളായ 13 സ്ത്രീകളെയും കുട്ടികളെയും വൈകുന്നേരം 4 മണിക്ക് മോചിപ്പിക്കും.

അല്‍-അന്‍സാരി പറയുന്നതനുസരിച്ച്, മോചിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചിട്ടുണ്ട്.

മോചിപ്പിക്കാന്‍ സാധ്യതയുള്ള പാലസ്തീന്‍ അന്തേവാസികളുടെ പട്ടിക മൊസാദ് ഖത്തറിന് നല്‍കും. ഇതോടെ ആള്‍ക്കാരെ മോചിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും.

പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും ഗാസയില്‍ തടവിലാക്കപ്പെട്ട 230 ലധികം ആളുകളില്‍ കുറഞ്ഞത് 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും നേരത്തെ ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞിരുന്നു.ഇതിനായി തടവുകാരെ ഹൈഫയുടെ തെക്കുകിഴക്കുള്ള ഡാമണ്‍, മെഗിദ്ദോ എന്നീ രണ്ട് ജയിലുകളില്‍ നിന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ജയിലേക്ക് മാറ്റും.

എന്നിരുന്നാലും, വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ആ തയ്യാറെടുപ്പുകള്‍ മാറ്റിവച്ചിരുന്നു. ' ഒന്നും അന്തിമമായിട്ടില്ല. പ്രക്രിയയ്ക്കിടയിലും, ഏത് നിമിഷവും മാറ്റങ്ങള്‍ സംഭവിക്കാം,' ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിയാല്‍, ഇസ്രയേല്‍ പ്രതിരോധ സേന സ്ഥാപിച്ച 'ട്രൂസ് ലൈനുകളില്‍' നിലയുറപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News