ഗാസയില്‍ കനത്ത ആക്രമണവുമായി ഇസ്രയേല്‍
- ഹമാസിനെതിരായ നടപടിയില്‍ മരണം അലരക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍
- ഹമാസ് ആശുപത്രികളെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി ഇസ്രയേല്‍
ഗാസയിലെ ഒരു ആശുപത്രിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഹമാസ് നേതാവും ഒരു സഹായിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഖാന്‍ യൂനിസിലെ പ്രധാന മെഡിക്കല്‍ സൗകര്യമായ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങളുടെ തലവനായ ഇസ്മായില്‍ ബര്‍ഹൂം കൊല്ലപ്പെട്ടു.
നാല് ദിവസം മുമ്പ് നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഹമാസ് അംഗത്തെ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം പറഞ്ഞു. വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി വകുപ്പ് ഒഴിപ്പിച്ചതായി മന്ത്രാലയം പറഞ്ഞു.
ഹമാസ് ആശുപത്രികളെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി ഇസ്രയേല്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്, എന്നാല്‍ ഗ്രൂപ്പ് അത് നിഷേധിക്കുന്നു.
ഞായറാഴ്ച ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മറ്റൊരു ഹമാസ് നേതാവായ സലാഹ് അല്‍-ബര്‍ദവീലും കൊല്ലപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ വരെ ഖാന്‍ യൂനിസിലും റഫയിലും കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷമായിരുന്നു വൈകുന്നേരത്തെ ആക്രമണമുണ്ടായത്.
മാര്‍ച്ച് 18 നാണ്് ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി പുനരാരംഭിച്ചത്. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ ഇതോടെ അവസാനിച്ചു. അതിനുശേഷം നൂറുകണക്കിന് ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്, അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 7 ലെ ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഹമാസിനെ നശിപ്പിക്കാന്‍ ഇസ്രയേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇതുവരെ 50,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
