വെന്തുരുകുന്നു ജുലൈ; ഏറ്റവും ചൂടേറിയ മാസമാകുമെന്ന് ശാസ്ത്രലോകം
- ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷനും താപനില ഉയരാന്‍ കാരണം
- ജൂണില്‍ കാര്യമായ മഴയൊന്നും ലഭിച്ചില്ല
- ജുലൈ 3ലെ ശരാശരി ആഗോള താപനില 17 സെല്‍ഷ്യസ്
ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നത് മഴയാണ്. മഴയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ആവാസവ്യവസ്ഥയും, കാര്‍ഷിക സംസ്‌കാരവുമൊക്കെ നിലനില്‍ക്കുന്നത്.
കോരിചൊരിഞ്ഞ് പെയ്യുന്ന മഴ ജൂണ്‍, ജുലൈ മാസങ്ങളിലെ പതിവ് കാഴ്ചയാണ്. കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത് ജൂണ്‍ മാസത്തിലാണ്. സെപ്റ്റംബറില്‍ അവസാനിക്കുകയും ചെയ്യും. പിന്നീട് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ പകുതി വരെ തുലാവര്‍ഷവുമാണ്. വൈകുന്നേരങ്ങളില്‍ ഇടിവെട്ടി പെയ്യുന്ന തുലാവര്‍ഷം കഴിയുന്നതോടെ കേരളത്തില്‍ മഴക്കാലത്തിന് അവസാനമാകും.
എന്നാല്‍ ഈ പതിവൊക്കെ മാറുകയാണ്. ഇപ്രാവിശ്യം ജൂണില്‍ കാര്യമായ മഴയൊന്നും ലഭിച്ചില്ല. ജുലൈ മാസത്തിലെ ആദ്യയാഴ്ചകളില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചെങ്കിലും ഒരാഴ്ചയിലേറെയായി മഴ മാറിനില്‍ക്കുകയാണ്.
2023 ജുലൈ ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ മാസമായിരിക്കാന്‍ സാധ്യതയുണ്ടെന്നാണു നാസയിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ (climatologist) ഗാവിന്‍ ഷ്മിഡ് പറയുന്നത്.
2023 ജുലൈ മാസം ഇതിനകം തന്നെ ദൈനംദിന താപനില റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണെന്നു യൂറോപ്യന്‍ യൂണിയനും, യൂണിവേഴ്‌സിറ്റി ഓഫ് മെയ്‌നും പറയുന്നു. ഇവര്‍ കാലാവസ്ഥ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ടൂളുകളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജുലൈ മാസം താപനില റെക്കോര്‍ഡുകള്‍ ഇതിനകം തകര്‍ന്നെന്നു മാത്രമല്ല, യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണതരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയുമാണ്.
താപനിലയിലെ വര്‍ധന എല്‍നിനോ പ്രതിഭാസം കാരണമാണെന്നു പറയുന്നുണ്ടെങ്കിലും അതുമാത്രമല്ല, ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷനും താപനില ഉയരാന്‍ കാരണമാകുന്നുണ്ടെന്നു ശാസ്ത്രജ്ഞനായ ഷ്മിഡ് പറയുന്നു.
യുഎസ് നാഷണല്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രെഡിക്ഷനില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ആഗോളതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി മാറിയത് 2023 ജുലൈ 3 ആണ്.
ജുലൈ 3ലെ ശരാശരി ആഗോള താപനില 17 സെല്‍ഷ്യസ് അഥവാ 63 f ആണ്. 2016 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 16.9 സെല്‍ഷ്യസ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
2023 ജുലൈ 3ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് അധികം താമസിയാതെ തന്നെ ഭേദിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. കാരണം എല്‍ നിനോ പ്രതിഭാസവും ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷനും മൂലം ചൂട് വര്‍ധിക്കുന്നത് തുടരാന്‍ തന്നെയാണു സാധ്യത.
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചു പഠിക്കുന്ന ഒരു അന്തര്‍ദേശീയ സമിതി ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത് സമീപഭാവിയില്‍ ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന വരെ ഉണ്ടാകുമെന്നാണ്. ഇക്കാര്യം പരിഗണിച്ച് ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ എമിഷന്‍ കാര്യമായി വെട്ടിച്ചുരുക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. 2035ഓടെ എമിഷന്‍ 2019ലെ നിലയെ അപേക്ഷിച്ച് 60 ശതമാനമായി കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തെ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എല്ലാ മേഖലയിലും സമഗ്രമായി ഒരേ സമയത്ത് കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ എമിഷന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിലേക്ക് കൂടുതല്‍ സമയം വേണമെന്ന നിര്‍ദേശമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. താപനിലയുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകള്‍ അടുത്ത അഞ്ചു വര്‍ഷക്കാലയളവില്‍ പലകുറി തിരുത്തപ്പെടാനുള്ള സാധ്യതയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പുറത്തിറക്കിയ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡബ്ല്യുഎംഒ) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഡബ്ല്യുഎംഒ പറയുന്നത്, ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഉഷ്ണമേഖലാ പസഫിക്കില്‍ എല്‍ നിനോ പ്രതിഭാസം ഉടലെടുത്തിരിക്കുകയാണെന്നാണ്. ഇത് വിവിധ മേഖലകളിലെ അതി തീവ്ര കാലാവസ്ഥകള്‍ക്കു കാരണമാകും.
