ബെംഗളുരുവില്‍ മൂന്ന് പുതിയ മെട്രോ ഇടനാഴികള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍
യശ്വന്ത്പൂര്‍, കന്റോണ്‍മെന്റ്, ഇന്ദിരാനഗര്‍, കോറമംഗല, അശോക പില്ലര്‍, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇന്നര്‍ റിംഗ് റോഡ് ലൂപ്പ്
ബെംഗളുരുവിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി സര്‍ക്കാരും, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) മൂന്ന് പുതിയ മെട്രോ ഇടനാഴികള്‍ നിര്‍ദേശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 22-ന് പുറത്തിറക്കി.
ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് (എംജി റോഡില്‍ നിന്നും മറാത്തഹള്ളി, വൈറ്റ്ഫീല്‍ഡ് വഴി ഹോപ്ഫാം വരെ), ഓള്‍ഡ് മദ്രാസ് റോഡ് (കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ട്-നര്‍സാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയ വരെ), ഇന്നര്‍ റിംഗ് റോഡ് ലൂപ് എന്നിവയാണ് മൂന്ന് പുതിയ മെട്രോ ഇടനാഴികള്‍.
യശ്വന്ത്പൂര്‍, കന്റോണ്‍മെന്റ്, ഇന്ദിരാനഗര്‍, കോറമംഗല, അശോക പില്ലര്‍, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇന്നര്‍ റിംഗ് റോഡ് ലൂപ്പ്.
2032-ഓടെ ബെംഗളൂരുവിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജോലി സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളില്‍ മെട്രോ പ്രവേശനം നല്‍കുക എന്നതാണ് മെട്രോ ശൃംഖലയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
മുന്‍പ് തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ നാഗവാര- തനിസാന്ദ്ര വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം/ ഭാരതീയ സിറ്റി, വൈറ്റ്ഫീല്‍ഡ് - കടമാനല്ലൂര്‍ / ഹോസ്‌കോട്ട് വരെയും,
ജിഗാനിയിലേക്ക് ബന്നാര്‍ഘട്ട പാത നീട്ടലും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇവ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
