കരൂര്‍ ദുരന്തം; സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

അന്വേഷണത്തിന് സുപ്രീംകോടതി മുന്‍ ജഡ്ജി മേല്‍നോട്ടം വഹിക്കും

Update: 2025-10-13 07:34 GMT

സെപ്റ്റംബര്‍ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും എന്‍ വി അഞ്ജാരിയയും ഉള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജി അജയ് റസ്‌തോഗിയെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കളായ ഉമ ആനന്ദനും ജിഎസ് മണിയും സമര്‍പ്പിച്ച ഹര്‍ജികളെ തുടര്‍ന്നാണ് ഉത്തരവ്.

സമിതിയില്‍ തമിഴ്‌നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസര്‍മാരുണ്ടാകും. അവര്‍ തമിഴ്‌നാട് സ്വദേശികള്‍ ആകരുതെന്നും, ഐജി റാങ്കില്‍ ഉള്ളവരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെട്ടാല്‍ നിഷ്പക്ഷത ഉണ്ടാകുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടി തമിഴ് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തിക്കിലും തിരക്കിലും പെട്ടത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരിക്കാമെന്ന് പാര്‍ട്ടി ആരോപിച്ചു.

റാലിയില്‍ ഏകദേശം 27,000 പേര്‍ പങ്കെടുത്തുവെന്ന് പോലീസ് പറഞ്ഞു, ഇത് പ്രതീക്ഷിച്ച 10,000 പേരുടെ ഏകദേശം മൂന്നിരട്ടിയാണ്. സെപ്റ്റംബര്‍ 27 ന് നടന്ന അപകടത്തിന് വിജയ് വേദിയിലെത്താന്‍ ഏഴ് മണിക്കൂര്‍ വൈകിയതായും അവര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News