കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌; ആദ്യദിനം 43 പേർ പണം പിൻവലിച്ചു

  • സഹകരണ ബാങ്കിന്റെ അഞ്ച് ശാഖകൾ വഴിയാണ് നിക്ഷേപങ്ങൾ മടക്കി നൽകുന്നത്.
  • 38.90 ലക്ഷം രൂപ ഇന്നലെ നിക്ഷേപകർ കൈപ്പറ്റി.
  • നിക്ഷേപം പിൻവലിച്ചവരിൽ ആറുപേർ ഇന്നലെത്തന്നെ കൈപ്പറ്റിയ തുക തിരികെ നിക്ഷേപിക്കുകയും ചെയ്തു.

Update: 2023-11-02 06:15 GMT

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാർ പാക്കേജ് അനുവദിച്ചതോടുകൂടി നിക്ഷേപകർക്ക് നവംബര്‍ ഒന്നു  മുതൽ പണം തിരികെ നൽകിത്തുടങ്ങി.

ആദ്യ ദിനത്തില്‍ 43 പേർ മാത്രമാണ് പണം പിൻവലിക്കാനെത്തിയത് . 38 .90 ലക്ഷം രൂപ  നിക്ഷേപകർ കൈപ്പറ്റി. നിക്ഷേപം പിൻവലിച്ചവരിൽ ആറുപേർ  കൈപ്പറ്റിയ തുക തിരികെ നിക്ഷേപിക്കുകയും ചെയ്തു. 5 .40 ലക്ഷം രൂപയാണ് തിരികെ നിക്ഷേപിച്ചത്. നിലവിൽ 20,000 രൂപവരെ പണമായും അതിന്‌ മുകളിലുള്ള തുകയ്‌ക്ക്‌ ചെക്കുമാണ്‌ നൽകുന്നത്‌.നിക്ഷേപവും പലിശയുമായി 76 കോടി രൂപ തിരിച്ചു നൽകിക്കഴിഞ്ഞു. സർക്കാർ പാക്കേജിന്റെ ആദ്യ ഘട്ട വിതരണം നവംബർ അവസാനത്തോടെ പൂർത്തിയാകും.

സഹകരണ ബാങ്കിന്റെ അഞ്ച് ശാഖകൾ വഴി കാലാവധി പൂർത്തിയാക്കിയ സ്ഥിര നിക്ഷേപങ്ങളാണ് തിരികെ നൽകുന്നത്.   ആദ്യദിനം ബാങ്കിൽ തുക പിൻവലിക്കാനെത്തിയവരുടെ എണ്ണം  കുറവായിരുന്നു. തുക വിതരണം ആരംഭിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആളുകളുടെ കൂട്ടമായുള്ള തള്ളിക്കയറ്റം പ്രതീക്ഷിച്ചിരുന്നു.

അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപവരെ സ്ഥിരനിക്ഷേപമുള്ളവർക്കാണ്‌ പൂർണമായി പിൻവലിക്കാനോ പുതുക്കാനോ ഇപ്പോൾ കഴിയുക. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന്‌ നിബന്ധനകളോടെ അൻപതിനായിരം രൂപവരെ പിൻവലിക്കാൻ കഴിയും. നവംബർ 20നുശേഷം സേവിങ്‌സ്‌ അക്കൗണ്ടിൽനിന്ന്‌ സാധാരണപോലെ പണം പിൻവലിക്കാം.കാലാവധി പൂർത്തിയായ അൻപതിനായിരം രൂപ വരെയുള്ള സ്ഥിരനിക്ഷേപകർക്ക്‌ നവംബർ 11 മുതൽ തുക പിൻവലിക്കാം. ഡിസംബർ ഒന്നുമുതൽ കാലാവധി പൂർത്തിയായ ഒരുലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് നിക്ഷേപത്തുകയുടെ നിശ്ചിത ശതമാനവും പലിശയും ബാങ്ക് നൽകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി ഇന്നലെ സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അകെ 55 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ചെണ്ണം കമ്പനികളാണ്. ബാങ്ക് ഭരണ സമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രികരിച്ച് നടന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 1300 ലധികം പേജുകളുള്ള കുറ്റപത്രത്തിൽ പതിനഞ്ച് കോടിയിലേറെ രുപ തട്ടിയ എ കെ ബിജോയിയാണ് ഒന്നാം പ്രതി. സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ പതിന്നാലാം പ്രതിയുമാണ്.

Tags:    

Similar News