കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ദേവി ഫിനാന്‍സിയേഴ്‌സ് സിപിഎമ്മിന്റെ ഫണ്ടിംഗ് ഏജൻസിയെന്നു ഇ.ഡി

സി.പി.എം നേതാക്കൾ പലപ്പോഴും പണം കൈപ്പറ്റിയതിന്റെ രേഖകളും സാക്ഷിമൊഴികളും ഇ.ഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്

Update: 2023-11-22 07:48 GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെ പണമിടപാട് സ്ഥാപനമായ ദേവി ഫിനാൻസേഴ്‌സ് സിപിഎമ്മിന്റെ ഫണ്ടിംഗ് ഏജൻസിയെപ്പോലെ പ്രവർത്തിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ സതീഷ് കുമാറിന്റെയും സി.കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ എതിർത്തുകൊണ്ടാണ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ദേവി  ഫിനാൻസിയേഴ്സിൽ നിന്ന് സി.പി.എം നേതാക്കൾ പലപ്പോഴും പണം കൈപ്പറ്റിയതിന്റെ രേഖകളും സാക്ഷിമൊഴികളും ഇ.ഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇടത് കൺവീനർ ഇ.പി ജയരാജൻ, മുൻ എം.പി പി.കെ ബിജു, മുൻ മന്ത്രി എ.സി മൊയ്തീൻ എന്നിവരും,  ദേശാഭിമാനി പത്രവും  ദേവി ഫിനാൻസിയേഴ്സിൽ നിന്ന് പണം കൈപ്പറ്റിയതായി അരവിന്ദാക്ഷൻ മൊഴി നൽകിയതായും ഇ.ഡി വ്യക്തമാക്കി. ജയരാജൻ മന്ത്രിയായിരിക്കെ സതീഷ് കുമാറിനൊപ്പം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായി അരവിന്ദാക്ഷന്റെ മൊഴിയിലുണ്ടെങ്കിലും പണം കൈമാറ്റം ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് ഇ.ഡി പറഞ്ഞു.

2015 ഒക്‌ടോബറിലും 2016 ജനുവരിയിലുമായി രണ്ട് തവണ 18 ലക്ഷം രൂപ വീതം ദേവി ഫിനാൻഷ്യേഴ്‌സിൽ നിന്ന് ദേശാഭിമാനി പത്രത്തിന് കൈമാറിയാതായി സതീഷ് കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ അവകാശവാദങ്ങൾ തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി ED പറയുന്നു. സതീഷ് കുമാറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്  ഇതിന്റെ രേഖകള്‍ ഹാജരാക്കിയതായും ഇ.ഡി. കോടതിയില്‍ പറഞ്ഞു.

Tags:    

Similar News