അഞ്ച് ലക്ഷം ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
ഇന്ത്യയുടെ ഐടി വിപണി വിഹിതത്തിന്റെ 10 ശതമാനം പിടിച്ചെടുക്കുക ലക്ഷ്യം
2031 ആകുമ്പോഴേക്കും വിവരസാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ഐടി വിപണി വിഹിതത്തിന്റെ 10 ശതമാനം പിടിച്ചെടുക്കാനും ജിസിസികളുടെ എണ്ണം 120 ആയി ഉയര്‍ത്താനും സംസ്ഥാനം പദ്ധതിയിടുന്നു.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐടി സെമിനാറിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, എമര്‍ജിംഗ് ടെക്‌നോളജി മേഖലകള്‍ക്കായുള്ള കരട് വിഷന്‍ ഡോക്യുമെന്റും ചടങ്ങില്‍ മുഖ്യമന്ത്രി പുറത്തിറക്കി. വ്യവസായ മന്ത്രി പി രാജീവ് രേഖ ഏറ്റുവാങ്ങി.
കേരളത്തിന്റെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ മൂന്ന് കോടി ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഭൂമിയുടെ ലഭ്യത പരിമിതമായതിനാല്‍, അടിസ്ഥാന സൗകര്യ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി ലാന്‍ഡ്-പൂളിംഗ് മാതൃകയിലൂടെ സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൈറ്റുകള്‍, സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ എന്നിവ വികസിപ്പിക്കും. ഊര്‍ജ്ജ ഉപയോഗത്തിലും നിര്‍മ്മാണത്തിലും സുസ്ഥിരമായ രീതികളും പ്രോത്സാഹിപ്പിക്കും.
'പത്ത് ലക്ഷം നൈപുണ്യമുള്ള യുവാക്കളെ പരിശീലിപ്പിക്കുക, അഞ്ച് ലക്ഷം ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നിവയാണ് സര്‍ക്കാരിന്റെ ലക്ഷ്യം,' മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കൃത്രിമബുദ്ധിയുടെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതും സംസ്ഥാനത്തിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
