കുറഞ്ഞ ചെലവില്‍ ഗള്‍ഫില്‍ പോകാം; ബേപ്പൂര്‍-കൊച്ചി-യുഎഇ യാത്രക്കപ്പലിന് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി

  • വിമാന യാത്രാക്കൂലിയുടെ മൂന്നിലൊന്ന് മാത്രമേ കപ്പല്‍ യാത്രയ്ക്ക് വേണ്ടിവരൂ
  • കേരള-ഗള്‍ഫ് യാത്രാക്കപ്പലിനായി കേരളം വിവിധ യോഗങ്ങളില്‍ ആവശ്യമുന്നയിച്ചിരുന്നു
  • വിമാനത്തെ അപേക്ഷിച്ച് കൂടുതല്‍ ലഗേജും കപ്പലില്‍ കൊണ്ടുപോകാം

Update: 2023-12-12 07:04 GMT

കേരളത്തിനും ഗള്‍‌ഫ് രാഷ്ട്രങ്ങള്‍ക്കുമിടയില്‍ യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കണമെന്ന കേരളത്തിന്‍റെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ യാത്രാക്കപ്പല്‍ സര്‍വീസ് നടത്തുന്നതിനുള്ള ടെന്‍ഡർ നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചു. ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ലോക്സഭയില്‍ മന്ത്രി ഇക്കാര്യം വിവരിച്ചത്. നേരത്തേ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്‍സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുടെ യോഗങ്ങളില്‍ കേരളം ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. 

കേരളത്തില്‍ നിന്നുള്ള പ്രവാസി സമൂഹവും കേരള സര്‍ക്കാരും വ്യവസായികളും അല്‍പ്പകാലമായി കേരളത്തില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കപ്പല്‍ യാത്രയ്ക്കായി ശക്തമായ ശ്രമങ്ങള്‍ നടത്തുന്നത്. വിമാന യാത്രാക്കൂലിയുടെ മൂന്നിലൊന്ന് മാത്രമേ കപ്പല്‍ യാത്രയ്ക്ക് വേണ്ടിവരൂ എന്നതും കൂടുതല്‍ ലഗേജ് കപ്പലിലൂടെ കൊണ്ടുപോകാം എന്നതുമാണ് ഇതിന്‍റെ ആകര്‍ഷണീയത്. യാത്രക്കെടുക്കുന്ന സമയത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകുന്ന പ്രവാസികള്‍ക്ക് മികച്ച സാധ്യതയാകും ഇതിലൂടെ തുറന്നുകിട്ടുക. 

കപ്പല്‍ സര്‍വീസിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാനായി കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സര്‍വീസിനായി കപ്പല്‍ വിട്ടുനല്‍കാനുള്ള കമ്പനികള്‍ക്കും സര്‍വീസ് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം. 

മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ദുബായ് സന്ദര്‍ശിച്ച് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞിരുന്നു. കപ്പല്‍ കമ്പനികളുമായും പ്രവാസികളുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ളയും ഇതു സംബന്ധിച്ച് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. 

Tags:    

Similar News