മെഷിനറി എക്‌സ്‌പോയ്ക്കു സമാപനം

  • 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ യന്ത്രനിര്‍മ്മാതാക്കളാണ് പങ്കെടുത്തത്
  • എക്‌സ്‌പോ നാലു ദിവസം കൊണ്ടു സന്ദര്‍ശിച്ചത് മുപ്പത്തിനായിരത്തിലേറെ പേരാണ്
  • മികച്ച സ്റ്റാളുകള്‍ക്ക് മനോജ് മൂത്തേടനും ലക്ഷ്മി പ്രിയയും ചേര്‍ന്നു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Update: 2024-02-14 07:15 GMT

സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന മെഷിനറി എക്‌സ്‌പോ 2024 സമാപിച്ചു. 46.2 കോടി രൂപയുടെ ബിസിനസിന് സാധ്യതകളാണ് എക്‌സ്‌പോയുടെ ആറാം പതിപ്പില്‍ തുറന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പ്രഥമ പ്രദര്‍ശനം കൂടിയായിരുന്നു ഇപ്രാവിശ്യത്തേത്. ജനപങ്കാളിത്തം കൊണ്ടും പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഫെബ്രുവരി പത്തിനാരംഭിച്ച എക്‌സ്‌പോ നാലു ദിവസം കൊണ്ടു സന്ദര്‍ശിച്ചത് മുപ്പത്തിനായിരത്തിലേറെ പേരാണ്.

സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. നഗര മധ്യത്തില്‍ നിന്ന് മാറി നടത്തിയ എക്‌സ്‌പോ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സംരംഭകര്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും എക്‌സിബിഷന്‍ സ്ഥിരം വേദിയായി നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും മെഷിനറി എക്‌സ്‌പോ ജനറല്‍ കണ്‍വീനറുമായ പി എ നജീബ് അധ്യക്ഷനായി. എക്കാലത്തെയും മികച്ച എക്‌സ്‌പോയാണ് ഇക്കൊല്ലം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

നടി ലക്ഷ്!മി പ്രിയ മുഖ്യാതിഥിയായി. കെ എസ് എസ് ഐ എ ജില്ല പ്രസിഡന്റ് എം എ അലി മുഖ്യ പ്രഭാഷണം നടത്തി. കെഐ ഇഡി സി ഇ ഒ ബെനഡിക്റ്റ് വില്യം ജോണ്‍സ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി ബി അമ്പിളി, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാരായ ആര്‍ രമ, ആര്‍ സംഗീത, പി സ്വപ്‌ന, തൃശൂര്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ, മെഷീനറി എക്‌സ്‌പോ നോഡല്‍ ഓഫീസറും ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുമായ ജി പ്രണബ് എന്നിവര്‍ സംസാരിച്ചു.

മെഷിനറി എക്‌സ്‌പോ 2024ലെ മികച്ച സ്റ്റാളുകള്‍ക്ക് മനോജ് മൂത്തേടനും ലക്ഷ്മി പ്രിയയും ചേര്‍ന്നു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എറണാകുളം പാക്ക് മെന്‍ മെഷിനറീസ് െ്രെപവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം പ്രിന്റെക് എഞ്ചിനീയേഴ്‌സ്, തൃശൂര്‍ ലിവേജ് എഞ്ചിനീയറിംഗ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ഇതാദ്യമായി ഡോമുകളായി സജ്ജീകരിച്ച വേദിയില്‍ സെക്റ്റര്‍ അടിസ്ഥാനത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ യന്ത്രനിര്‍മ്മാതാക്കളാണ് പങ്കെടുത്തത്. നൂതന ട്രെന്‍ഡുകളും ലൈവ് ഡെമോണ്‍സ്‌ട്രേഷനുകളും നിര്‍മ്മാതാക്കളുമായി ആശയവിനിമയ സെഷനുകളും എക്‌സ്‌പോയിലുണ്ടായിരുന്നു.

Tags:    

Similar News