എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം: ഫെബ്രുവരിയില്‍ ആരംഭിക്കും
- 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പിലാക്കുന്നത്
- വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്
- എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു
ശോചനീയ അവസ്ഥയിലായിരുന്ന എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. അതിനാണ് ഇപ്പോള്‍ തുടക്കമിടാന്‍ പോകുന്നത്.
നവീകരണ പ്രവര്‍ത്തി ആരംഭിക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ സെക്രട്ടറി ശര്‍മിള മേരി ജോസഫും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും ഇന്നലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും സന്ദര്‍ശിച്ചു
കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന രീതിയില്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല.
പുതിയ സ്റ്റാന്‍ഡില്‍ ബസ് ഷെല്‍ട്ടര്‍, യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം, ടോയ്‌ലറ്റ് തുടങ്ങിയവയും ഒരുക്കും.
സ്മാര്‍ട്ട് സിറ്റി ബോര്‍ഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പിലാക്കുന്നത്.