കൊച്ചി മെട്രോയില്‍ ഇനി എല്‍ഐസി പരസ്യവും

  • എല്‍ഐസി പുതിയ പരസ്യ തന്ത്രം ആവിഷ്‌കരിക്കുന്നത് ബ്രാന്‍ഡിംഗിന്റെ ഭാഗമായി
  • എല്‍ഐസി പദ്ധതികളുടെ പരസ്യങ്ങളായിരിക്കും മെട്രോ ട്രെയിനില്‍ പ്രദര്‍ശിപ്പിക്കുക
  • ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളാണ് ഇപ്പോള്‍ കൊച്ചി മെട്രോ സര്‍വീസിലുള്ളത്

Update: 2024-02-21 08:30 GMT

എല്‍ഐസിയുടെ ജനപ്രിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പതിച്ച പരസ്യം ഇനി കൊച്ചി മെട്രോ ട്രെയിനിന്റെ കോച്ചുകളില്‍ പതിക്കും.

ബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ് എല്‍ഐസി പുതിയ പരസ്യ തന്ത്രം ആവിഷ്‌കരിക്കുന്നത്. പരസ്യം പതിച്ച ട്രെയിനിന്റെ ഫ് ളാഗ് ഓഫ് 23 ന് നടക്കും. എല്‍ഐസി മാനേജിംഗ് ഡയറക്ടര്‍, സോണല്‍ മാനേജര്‍ എന്നിവര്‍ ഫ് ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കും.

2023 നവംബര്‍ മുതല്‍ നിരവധി പുതിയ പദ്ധതികളാണ് എല്‍ഐസി അവതരിപ്പിച്ച് രംഗത്തു വന്നിരിക്കുന്നത്.

2023 നവംബര്‍ 29 ന് ലോഞ്ച് ചെയ്ത ജീവന്‍ ഉത്സവിനു നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതു പോലെ 2024 ജനുവരിയില്‍ പുറത്തിറക്കിയ ജീവന്‍ ധാര-11 നും നല്ല സ്വീകരണം ലഭിക്കുന്നുണ്ട്.

2024 ഫെബ്രുവരി 17 ന് ലോഞ്ച് ചെയ്ത അമൃത് ബാലാണ് എല്‍ഐസി ലോഞ്ച് ചെയ്ത ഏറ്റവും പുതിയ പദ്ധതി. ഇത് 0-13 വയസ് വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്.

ഈ പദ്ധതികളുടെ പരസ്യങ്ങളായിരിക്കും മെട്രോ ട്രെയിനില്‍ പ്രദര്‍ശിപ്പിക്കുക. ഒരു ലക്ഷം വരുന്ന യാത്രക്കാര്‍ ഇപ്പോള്‍ പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 1 ലക്ഷവും പിന്നിടുന്നുണ്ട്. കൊച്ചി മെട്രോയിലെ ബ്രാന്‍ഡിംഗിലൂടെ എല്‍ഐസി പോളിസികളെ കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഐസി.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളിലായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ളത്.

ആദ്യ ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

Tags:    

Similar News