മിഷോങ് കരതൊടും മുമ്പ് മഴയില്‍ മുങ്ങി ചെന്നൈ; വിമാന, ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു

തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Update: 2023-12-04 06:03 GMT

മിഷോങ് ചുഴലിക്കാറ്റ് കരതൊടും മുമ്പ് ചെന്നൈ നഗരവും പരിസരപ്രദേശങ്ങളും മഴയില്‍ മുങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മിഷോങ് ചൊവ്വാഴ്ച (ഡിസംബര്‍ 5) തമിഴ്‌നാട് തീരം തൊടാനിരിക്കവേയാണു മഴ ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയിരിക്കുന്നത്.

ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, നാഗപട്ടണം, കടലൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ തീരപ്രദേശമായ തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തിരുവള്ളൂര്‍ ജില്ലയിലാണ് മഴ കനത്ത ആഘാതം വിതച്ചിരിക്കുന്നത്.

തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവള്ളൂര്‍, ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ ദുര്‍ബല പ്രദേശങ്ങളില്‍ നിന്നുള്ള 685 പേരെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചു.

താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 1,000-ത്തിലധം മോട്ടോര്‍ പമ്പുകള്‍ ചെന്നൈയില്‍ വിന്യസിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ ഡിസംബര്‍ 4 ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സേവനം അനുവദിക്കണമെന്നും സര്‍ക്കാര്‍ തൊഴിലുടമകളോടും സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു.

നാളെ (5-12-23) ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച (3-12-23) മുതല്‍ ചെന്നൈ നഗരത്തില്‍ കനത്ത മഴ പെയ്തു. തിങ്കളാഴ്ച (4-12-23) പുലര്‍ച്ചെ 5.30 വരെ മീനമ്പാക്കത്ത് 196 മില്ലി മീറ്ററും, നുങ്കമ്പാക്കത്ത് 154.3 മില്ലി മീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാനങ്ങള്‍ ബെംഗളുരുവിലേക്കു തിരിച്ചുവിട്ടു.

ട്രെയിന്‍ സര്‍വീസും തടസപ്പെട്ടിട്ടുണ്ട്.

12007 മൈസൂരു ശതാബ്തി എക്‌സ്പ്രസ്,

12675 കോയമ്പത്തൂര്‍ കോവൈ എക്‌സ്പ്രസ്,

12243 കോയമ്പത്തൂര്‍ ശതാബ്തി എക്‌സ്പ്രസ്,

22625 കെഎസ്ആര്‍ ബെംഗളൂരു എസി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്,

12639 കെഎസ്ആര്‍ ബെംഗളൂരു ബൃന്ദാവന്‍ എക്‌സ്പ്രസ്,

16057 തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

Tags:    

Similar News