മെഹ്‌ലി മിസ്ത്രി പുറത്തേക്ക്; ടാറ്റാ ട്രസ്റ്റില്‍ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു

മിസ്ത്രിയുടെ പുനര്‍ നിയമനത്തോട് മൂന്നുപേര്‍ വിയോജിച്ചു

Update: 2025-10-28 10:08 GMT

ടാറ്റാ ട്രസ്റ്റില്‍നിന്ന് മെഹ്‌ലി മിസ്ത്രി പുറത്തേക്ക്. ഭൂരിഭാഗം ട്രസ്റ്റികളും മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയെ നിയമിക്കുന്നതിനെ എതിര്‍ത്തു. ഇതോടെ ടാറ്റാ ട്രസ്റ്റിലെ ഭിന്നത രൂക്ഷമാകുകയാണ്. 

അന്തരിച്ച രത്തന്‍ ടാറ്റയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്നു മിസ്ത്രി. ഗ്രൂപ്പിന്റെ പ്രധാനസ്ഥാനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

മിസ്ത്രിയോട് അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് മൂന്ന് ട്രസ്റ്റികളായ മുന്‍ സിറ്റിബാങ്ക് ഇന്ത്യ സിഇഒ പ്രമിത് ജാവേരി, മുംബൈ അഭിഭാഷകന്‍ ഡാരിയസ് ഖംബട, ജഹാംഗീര്‍ എച്ച്സി ജഹാംഗീര്‍ എന്നിവരാണ് അദ്ദേഹത്തിന്റെ പുനര്‍നിയമനത്തെ പിന്തുണച്ചത്.

എന്നാല്‍ മെസ്ത്രിയുടെ കാലാവധി നീട്ടുന്നതുസംബന്ധിച്ച് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ട്രസ്റ്റി വിജയ്‌സിംഗ് എന്നിവര്‍ വിജോയിപ്പ് രേഖപ്പെടുത്തിയതോടെ കഥമാറി.

ടാറ്റാ ട്രസ്റ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഏകകണ്ഠമായാണ്. തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ എതിര്‍ത്താല്‍ പുനര്‍നിയമനം നടക്കില്ല.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയില്‍ ഭൂരിപക്ഷ ഓഹരികളും നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റുകളിലെ രണ്ട് ശക്തി കേന്ദ്രങ്ങളാണ് നോയല്‍ ടാറ്റയും മെഹ്ലി മിസ്ത്രിയും. ആദ്യ ഗ്രൂപ്പിന് ശ്രീനിവാസന്റെയും മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗിന്റെയും പിന്തുണയുണ്ട്, മറ്റ് മൂന്ന് പേര്‍ മിസ്ത്രിക്കൊപ്പമാണ്.

മിസ്ത്രിക്ക് സ്വന്തം കാലാവധി നീട്ടുന്നതിനായി വോട്ടുചെയ്യാന്‍ കഴിയാത്തതിനാല്‍, വീറ്റോ തീരുമാനത്തിന് ട്രസ്റ്റില്‍ ഭൂരിപക്ഷമുണ്ടാകും. ജിമ്മി ടാറ്റ സാധാരണയായി ട്രസ്റ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കാത്തതിനാല്‍, വീറ്റോ തീരുമാനം ഫലത്തില്‍ ഭൂരിപക്ഷ തീരുമാനമാണ്.

ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായി ശ്രീനിവാസനെ വീണ്ടും നിയമിച്ചത് മിസ്ത്രിയും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരും അംഗീകരിച്ചിരുന്നു. ദിവസങ്ങള്‍ക്കകം ശ്രീനിവാസന്‍തന്നെ മിസ്ത്രിക്കെതിരെ വിയോജിപ്പുമായി രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.

മിസ്ത്രി തന്റെ അടുത്ത നീക്കത്തെക്കുറിച്ച് മൗനം പാലിച്ചെങ്കിലും, കോടതിയില്‍ അതിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.  

Tags:    

Similar News